മനോഹരമായ അഭിനയ യാത്രയുടെ വർഷത്തിൽ അന്ന ബെൻ. തെലുങ്ക് അരങ്ങേറ്റത്തിന് കൽക്കി 2898 എഡി .തമിഴിൽ നായികയായി ചുവടുറപ്പിക്കാൻ കൊട്ടുകാളി. അന്ന ബെന്നും സൂരിയും പ്രധാന വേഷത്തിൽ എത്തുന്ന കൊട്ടുകാളി 74 -ാമത് ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ഇടംപിടിച്ച തമിഴ് ചിത്രം എന്ന വിലാസം സ്വന്തമാക്കി ആഗസ്റ്റ് 23ന് പ്രേക്ഷകർക്ക് അരികിലേക്ക്. സിനിമയുടെ നിർമ്മാതാവ് നടൻ ശിവകാർത്തികേയൻ. കൊട്ടുകാളി റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ അന്ന ബെൻ സംസാരിക്കുന്നു.
കൊട്ടുകാളി എന്ന സിനിമ എങ്ങനെയാണ് പ്രത്യേകത നിറഞ്ഞതായി മാറുന്നത് ?
എന്റെ ആദ്യ തമിഴ് സിനിമ. കപ്പേള കണ്ടാണ് സംവിധായകൻ പി. എസ് .വിനോദ് രാജ് വിളിക്കുന്നത്. ആസമയത്ത് കഥ മാത്രമേ ആയുളളു. കഥ കേട്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. വിനോദ് സാറിന്റെ ആദ്യ ചിത്രം കൂഴങ്കല്ല് കണ്ടിട്ടുണ്ട്. കൊട്ടുകാളിയുടെ കഥ കേൾക്കുമ്പോൾ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്നത് പോലെ പലപ്പോഴും തോന്നി. ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും സംതൃപ്തി അനുഭവപ്പെട്ട കഥാപാത്രം.ഒരുപാട് ഇഷ്ടം തന്ന സിനിമയാണ് കൊട്ടുകാളി. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന മീന എന്ന കഥാപാത്രം ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഞാൻ വിചാരിച്ചതിലും നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു എന്നാണ് വിശ്വസിക്കുന്നത്.
കൈറ സമ്മാനിക്കുന്ന ഉൗർജ്ജം വലുതായിരിക്കുമെന്ന് കരുതിയോ?
ഒരുപാട് പ്രതീക്ഷകൾ ഇല്ലായിരുന്നു. വലിയ ഒരു സിനിമയിൽ ഒരു കഥാപാത്രം ലഭിക്കുന്നു എന്നേ ആലോചിച്ചിട്ടുള്ളൂ. അതിന് അപ്പുറം ചിന്തിച്ചിട്ടേയില്ല. നാഗി സാറിന്റെ സ്വപ്നപദ്ധതി. വലിയ താരങ്ങളുടെ സിനിമ. എന്നാൽ കൈറ വലിയ പ്രേക്ഷക പ്രീതി തന്നു. ഇതൊന്നും ഞാൻ ഒട്ടും കരുതിയതല്ല. ആക്ഷൻ സീൻ എങ്ങനെ വരുമെന്ന എന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു. അത് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും കൈറയെ കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോൾ സന്തോഷം തോന്നി.
നിലപാടും വ്യക്തിത്വവും ഉള്ളവരാണല്ലോ കഥാപാത്രങ്ങൾ?
ഭാഷ മാറിയാലും എനിക്കും എന്റെ കൂട്ടുകാർക്കും തിയേറ്ററിൽ കാണുമ്പോൾ ഇഷ്ടം തോന്നുന്ന കഥാപാത്രവും സിനിമയും ആയിരിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അല്ലെങ്കിൽ പരിചിതമായ ചുററുപാടിൽ ഉള്ളവരാകണം. അത്തരം കഥാപാത്രം വരുമ്പോഴാണ് ചെയ്യാൻ താത്പര്യം തോന്നുക. അതുകൊണ്ടായിരിക്കാം എന്റെ കഥാപാത്രങ്ങൾക്ക് പ്രത്യേകത ഉണ്ടെന്ന് തോന്നുന്നത്. ടൈറ്റിൽ റോൾ, കേന്ദ്ര കഥാപാത്രം എന്ന നിബന്ധന ഒന്നുമില്ല. എന്നാൽ അഭിനയ സാധ്യത പ്രകടിപ്പിക്കാൻ കഴിയുന്നതായിരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു.
അച്ഛന്റെ തിരക്കഥയിൽ ആദ്യമായി അഭിനയിക്കുന്ന അഞ്ചുസെന്റും സെലീനയുടെ വിശേഷം?
അപ്പയുടെ (ബെന്നി പി. നായരമ്പലം) തിരക്കഥയിൽ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ തുടക്കത്തിൽ ഉണ്ടായിരുന്നു. അതും ഒരുപാട് സന്തോഷം തന്നു.അപ്പയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് വലിയ ഒരു ഭാഗ്യമായാണ് കാണുന്നത്. എന്തെങ്കിലും ഉപദേശം തേടണമെങ്കിൽ അപ്പോൾ തന്നെ അപ്പയോട് ചോദിക്കാൻ കഴിയുന്ന ഇടമായിരുന്നു സെലീനയുടെ ലൊക്കേഷൻ. അതിലും ഞാൻ സന്തോഷവതിയായിരുന്നു. ജക്സൺ ആന്റണിയാണ് സംവിധാനം.ഷൂട്ട് കഴിഞ്ഞു. ഇനി ഡബ്ബിംഗ് ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |