മരണം 354
കുട്ടികൾ 30
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാന ഘട്ടത്തിലെത്തുമ്പോഴും എത്രപേരുടെ ജീവൻ നഷ്ടമായെന്ന് കണക്കാക്കാനായിട്ടില്ല.
206 പേരെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരിക്കേ, ഇന്നലെ കണ്ടെടുക്കാൻ കഴിഞ്ഞത് അഞ്ചു മൃതദേഹങ്ങളാണ്. അതേസമയം, ചാലിയാർ പുഴയിൽ നിന്ന് മൂന്നു മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും ലഭിച്ചു. തെരച്ചിൽ ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. 354പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 30 കുട്ടികൾ ഉൾപ്പെടും.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിൽ
31 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്ന് ഐ ബോഡ് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തും. ഹ്യുമൻ റെസ്‌ക്യു റഡാർ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തി. മേഖലയിലെ പഴയ ചിത്രവുമായി താരതമ്യം ചെയ്താവും തുടർ തെരച്ചിൽ. അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസിലാക്കി പരിശോധന ശക്തമാക്കും.
ഇന്നലെ വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തെരച്ചിലിനായി വനം വകുപ്പ് കൂടുതൽപേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നിശമന വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും നിയോഗിച്ചു. എൻ.ഡി.ആർ.എഫ്, ആർമി കെ 9 ഡോഗ് സ്‌ക്വാഡ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ്, പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്‌ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഡെൽറ്റ സ്‌ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങി 11 വിഭാഗങ്ങളിലെ 1264 പേരാണ് ആറുമേഖലകളിലായി തെരിച്ചിൽ നടത്തിയത്.
നിലമ്പൂരിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ മൂന്നംഗ സംഘം സൂചിപ്പാറ വെളളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ കുടുങ്ങി. ഇവരിൽ രണ്ടുപേരെ ഹെലികോപ്ടറിൽ ആർമി രക്ഷപ്പെടുത്തി. ഒരാളെ സന്നദ്ധ പ്രവർത്തകർ പുറത്തെത്തിച്ചു.
അനന്തരം
1. കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡർ ഉൾപ്പെടെ പരിശോധിക്കും
2. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മുമ്പായി ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തി പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിലെ ആഭരണം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കും.
3. ഇവയുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ നിയമപ്രകാരം മേൽനടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവായി. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംസ്കരിക്കും.
4. ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം നടത്തി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |