ആലപ്പുഴ : പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിന് ക്ഷീണമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി അറിയുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച.
അടിച്ചമർത്തപ്പെട്ട പിന്നാക്ക, ദളിത് സമൂഹത്തെ സംരക്ഷിക്കുകയെന്ന യോഗം നിലപടിന് അനുസൃതമായ പ്രവർത്തനത്തിൽ സി.പി.എം മുന്നിൽ നിൽക്കും. ബി.ഡി.ജെ.എസിന്റെ മറവിൽ ശാഖകളിലേയ്ക്കുള്ള ആർ.എസ്.എസിന്റെ കടന്നുകയറ്റത്തെയും വർഗീയതയെയും ചെറുത്തു തോല്പിക്കും. അത്തരത്തിലുള്ള ശാഖകളെയും എസ്.എൻ.ഡി.പി ക്ഷേത്ര ഭരണസമിതികളെയും ആർ.എസ്.എസിൽ നിന്ന് മോചിപ്പിക്കും. ശാഖാ തലത്തിലും യൂണിയൻ തലത്തിലും കൂടുതൽ സജീവമായ
ഇടപെടലും പ്രവർത്തനവും നടത്താനും,ചതയ ദിനം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ സജീവമാകാനും പ്രവർത്തകർക്ക് നിർദ്ദേശം നൽകും.
വെള്ളാപ്പള്ളിയുടെ
നേതൃത്വത്തിൽ ആശങ്കയില്ല
വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യോഗ നേതൃത്വത്തിനെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തു വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടിംഗ് രീതിയിൽ ആശങ്ക വേണ്ടെന്നായിരുന്നു ജില്ലാക്കമ്മിറ്റിയിലെ ചർച്ച. പാർട്ടിയുടെ ആരും ശാഖായോഗങ്ങളിൽ കടന്നുകയറാനും ശ്രമിക്കേണ്ട. ശാഖായോഗങ്ങളിലടക്കം ആർ.എസ്.എസ് കടന്നുകയറ്റത്തെ ജാഗ്രതയോടെ കാണണം. ആർ.എസ്.എസ് കടന്നുകയറ്റത്തിന് അവസരമില്ലാത്ത തരത്തിലാണ് യോഗ നേതൃത്വത്തിന്റെ നിലപാടെങ്കിലും ആർ.എസ്.എസ് നീക്കം കരുതിയിരിക്കണം. അതിനായി ശാഖായോഗങ്ങളുമായി നല്ല ബന്ധവും സഹകരണവുമുണ്ടാകണം.
ഭൂരിപക്ഷ വർഗീയ നീക്കങ്ങളിൽ, ന്യൂനപക്ഷങ്ങൾക്കു സംരക്ഷണമെന്നതു പാർട്ടിയുടെ ഉത്തരവാദിത്വമാണ്. അതിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കണം. എന്നാൽ, ന്യൂനപക്ഷ വർഗീയതയ്ക്കു കൊടിപിടിക്കുന്ന പ്രസ്ഥാനങ്ങളെ അകറ്റി നിറുത്തണമെന്നും,
ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും നിർദ്ദേശം നൽകി. കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക് ,സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
ദുരന്ത നിവാരണ അതോറിട്ടി
കാലത്തിനൊത്ത് മാറണം: വി.ഡി. സതീശൻ
□പ്രകൃതി ദുരന്തങ്ങളുടെ ഭാവം മാറിയെന്ന് മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം:കേരളത്തിലെ ദുരന്ത നിവാരണ അതോറിട്ടി കാലത്തിനൊത്ത് മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ലോക മലയാളി കൗൺസിലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യമായ അമേരിക്കയിൽ വീശിയടിച്ച കത്രീന കൊടുങ്കാറ്റ് അവിടയാകെ നാശം വിതച്ചെന്നും,എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ടെങ്കിലും അവർക്കത് തടയാനായില്ലെന്നും ധന മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളുടെ ഭാവം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ഹയാത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാല പിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വർക്കല കഹാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, എസ്.ബി.ഐ മുൻ ചീഫ് ജനറൽ മാനേജർ ആദികേശവൻ, കൗൺസിൽ പ്രസിഡന്റ് ജോൺ മത്തായി, ഡോ.കെ.ജി. വിജയലക്ഷ്മി, രാജേഷ് എം.പിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |