മേപ്പാടി: ഉരുൾപൊട്ടലുണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടതാണ് ചൂരൽമല സ്‌കൂൾ റോഡിൽ താമസിക്കുന്ന ഉമ ബാലകൃഷ്ണനും കുടുംബവും. ജീവനും കൊണ്ടോടുമ്പോൾ വളർത്തു നായയെയും നെഞ്ചോട് ചേർത്തുപിടിച്ചു. എന്നാൽ ചൂരൽമല ടൗണിൽ എത്തിയപ്പോഴേക്കും ഉമയ്ക്ക് നായയെ കൊണ്ട് അധിക ദൂരം ഓടാൻ കഴിയില്ലെന്ന് വ്യക്തമായി. പുലർച്ചെ മൂന്നുമണിയോടെ ഉണ്ടായ രണ്ടാം ഉരുൾപൊട്ടൽ സമയത്താണ് ഇവർ ഓടി രക്ഷപ്പെട്ടത്. ചൂരൽമല ടൗണിലെത്തിയപ്പോൾ നായയെ അവിടെ ഇറക്കിവിട്ടു. ആരെങ്കിലും ഭക്ഷണം നൽകുമെന്ന് വിശ്വാസത്തിൽ ആയിരുന്നു ഈ മിണ്ടാപ്രാണിയെ ഉപേക്ഷിച്ചത്.
ഉമയും കുടുംബവും ഒരാഴ്ചയായി മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. മഴ കുറഞ്ഞതോടെ ഞായറാഴ്ച നായയെതേടി ഉമ ചൂരൽമലയിൽ എത്തി. ദൂരെ നിന്ന് കണ്ടതോടെ നായ ഓടിയെത്തി. പിന്നീട് കണ്ടത് അമ്മയും മകനും തമ്മിലുള്ള സ്‌നേഹ പ്രകടനം. നായയുടെ സന്തോഷ പ്രകടനത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
കൊഞ്ചിക്കുഴഞ്ഞും കണ്ണീർ പൊഴിച്ചും നായ ഉമയുടെ ചുറ്റും കൂടി. തലയിൽ തലോടി കണ്ണീർ തുടച്ചു നൽകുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. കുറേനേരം നായയുടെ കൂടെ ചെലവഴിച്ച് വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങി. തന്നെ കൂട്ടാതെ മടങ്ങിയ ഉമയുടെ വാഹനത്തിന് പിന്നാലെ കിലോമീറ്ററുകളോളം വളർത്തുനായ ഓടിയതും സങ്കടക്കാഴ്ചയായി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |