ജമ്മു: ജമ്മു കാശ്‌മീരിലെ ഗന്ദർബാലിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. 190 ലധികം റോഡുകൾ അടച്ചു. പ്രധാന ഹൈവേകളെല്ലാം അടച്ചതായി അധികൃതർ അറിയിച്ചു. ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കനാലുകളിൽ ഉൾപ്പെടെ പൊട്ടലുകളുണ്ട്. 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നു. കാവ് ചെർവാൻ, പദബൽ, ചെർവ ഗ്രാമങ്ങളെ പ്രളയം സാരമായി ബാധിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം. ചില പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യും.
അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. 1300 ഓളം പേർ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |