ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളം വിട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ സി - 130ജെ വിമാനം രാവിലെ ഒമ്പതിന് ഇവിടെ നിന്ന് പോയതായാണ് ഒരു വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്. വിമാനം അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയെന്നാണ് വിവരം. എന്നാൽ, ഹസീന ഈ വിമാനത്തിലുണ്ടോ, എങ്ങോട്ടേക്കാണ് വിമാനം പോകുന്നത് തുടങ്ങിയ വിവരങ്ങൾ വ്യക്തമല്ല.
ബ്രിട്ടണിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്‌ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. രാജിവച്ച ശേഷം സൈനിക വിമാനത്തിൽ രാജ്യംവിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ ആണ് യുപിയിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമത്താവളത്തിൽ ഇറങ്ങിയത്.
ബംഗ്ലാദേശ് കലാപത്തെ തുടർന്ന് ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി മേഖലകളിൽ ബിഎസ്‌എഫ് അതീവ ജാഗ്രതയിലാണ്. 4096 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളളത്. ബിഎസ്‌എഫ് ഡയറക്ടർ ജനറൽ ചുമതല വബഹിക്കുന്ന ദൽജിത്ത് സിംഗ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അതിർത്തി മേഖലകളിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.
അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ ഇന്ന് സർവകക്ഷി യോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ യോഗത്തിൽ സാഹചര്യം വിശദീകരിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ചും ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം നേതാക്കളോട് വിശദീകരിച്ചു. എസ് ജയ്‌ശങ്കറിനെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
500ലധികം തടവുകാർ ജയിൽ ചാടി
ഷെയ്‌ഖ് ഹസീന നാടുവിട്ടതിന് പിന്നാലെ ഷെർപൂർ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാർ ജയിൽ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരിൽ ആയുധധാരികളുമുണ്ട്. ഇന്ത്യയുടെ അതിർത്തിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ മാത്രം അകലെയാണ് ഷെർപുർ ജയിൽ. അതിനാൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ 20പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തിയിൽ ബിഎസ്‌എഫ് കൂടുതൽ സൈനികരെ വിന്യസിച്ച് സുരക്ഷ വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |