കൊച്ചി: തിരുവനന്തപുരം പള്ളിത്തുറ സ്വദേശി ജെറ്റ് സന്തോഷ് എന്ന സന്തോഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട രണ്ടു പേരടക്കം ഏഴു പ്രതികളെ ഹൈക്കോടതി വെറുതേവിട്ടു. കുറ്റകൃത്യവുമായി പ്രതികളെ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, തിരുവനന്തപുരം അഡി. സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കി.
മാപ്പുസാക്ഷിയെ അമിതമായി ആശ്രയിച്ച പ്രോസിക്യൂഷനും വിചാരണക്കോടതിക്കും നിശിത വിമർശനവുമായാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒന്നാംപ്രതി ആറ്റുകാൽ സ്വദേശി ജാക്കി എന്ന അനിൽകുമാർ, ഏഴാംപ്രതി ചിറപ്പാലത്തെ സോജു എന്ന അജിത്കുമാർ എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന രണ്ടാംപ്രതി ബിനുകുമാർ, അഞ്ചാംപ്രതി സുരേഷ് കുമാർ, എട്ടു മുതൽ പത്തുവരെ പ്രതികളായ ഷാജി, ബിജുക്കുട്ടൻ, സി.എൽ. കിഷോർ എന്നിവർക്കും മോചനമായി.
2004 നവംബർ 22നാണ് കേസിനാസ്‌പദമായ സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പുന്നശ്ശേരി സ്വദേശി ജെറ്റ് സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്‌കുമാറിനെ തട്ടിക്കൊണ്ടു പോയി ആറ് കഷണങ്ങളാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കരമനയിലെ ബാർബർ ഷോപ്പിൽ മുടിവെട്ടുകയായിരുന്ന സന്തോഷിനെ പ്രതികൾ ബലമായി കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മലയിൻകീഴ് ആലംതറകോണം കോളനിയിൽ വച്ച് കൈയുംകാലും വെട്ടിമാറ്റി. വാളിയോട്ടുകോണം ചന്തയ്‌ക്ക് സമീപം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം പിന്നീട് കണ്ടെത്തി.സാഹചര്യത്തെളിവുകളുടെയും മാപ്പുസാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് സെഷൻസ് കോടതി വിധിക്കുകയായിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്. നാലാം പ്രതിയായിരുന്ന ടാക്സി ഡ്രൈവർ നസറുദ്ദീനാണ് മാപ്പുസാക്ഷിയായത്. ജെറ്റ് സന്തോഷിന്റെ അമ്മയടക്കം പ്രധാന സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ നസറുദ്ദീന്റെ മൊഴികളാണ് പൊലീസും പ്രോസിക്യൂഷനും ആധാരമാക്കിയത്. നസറുദ്ദീനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി പ്രോസിക്യൂഷൻ പറയുമ്പോൾ, തന്നെ പമ്പയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇയാളുടെ മൊഴി. വാഹനത്തിലും ആയുധത്തിലും കണ്ട രക്തത്തിന്റെ ഡി.എൻ.എ പരിശോധനയുണ്ടായില്ല. വണ്ടിയിലെ രക്തക്കറ കഴുകാൻ സഹായിച്ചെന്നു പറയുന്ന ജയൻ, പ്രശാന്ത് എന്നിവരെ പ്രതിചേർത്തിട്ടില്ല. ഇത്തരം പൊരുത്തക്കേടുകൾ നിലനിൽക്കേ വിചാരണക്കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂന്നാംപ്രതി ഉഷയെയും പന്ത്രണ്ടാംപ്രതി ബോബിയെയും വിചാരണക്കോടതി വെറുതേ വിട്ടിരുന്നു. ആറാം പ്രതി ആറ്റുപുറം അനിൽകുമാർ വിചാരണയ്ക്കിടെ മരിച്ചു. പതിനൊന്നാം പ്രതി ഒളിവിലാണ്. പ്രതികൾക്കായി സീനിയർ അഭിഭാഷകരായ പി. വിജയഭാനു, ബി. രാമൻ പിള്ള എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |