ന്യൂഡൽഹി : പതിനെട്ട് വയസ് തിയകാത്ത മുസ്ലീം പെൺകുട്ടികളുടെ വിവാഹം സംബന്ധിച്ച് ഉടൻ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ഹർജിക്കാരായ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വേഗത്തിൽ വാദം കേട്ട് വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടത്.
മുസ്ലീം പെൺകുട്ടി ഋതുമതിയാകുന്നതോടെ വിവാഹത്തിന് തടസമില്ലെന്ന് 2022ൽ ഹരിയാനയിലെ ഒരു കേസിൽ പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. 18 വയസ് പൂർത്തിയാകേണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് ദേശീയ ബാലാവകാശ കമ്മിഷൻ ചോദ്യം ചെയ്യുന്നത്. ഇത്തരം വിവാഹങ്ങൾ അനുവദിക്കുന്നതിൽ മുസ്ലീം വ്യക്തി നിയമമല്ല, ശൈശവ വിവാഹ നിരോധന നിയമമാണ് ബാധകമെന്നാണ് കമ്മിഷന്റെ വാദം. വിവിധ ഹൈക്കോടതികൾ വ്യത്യസ്‌ത നിലപാട് സ്വീകരിച്ചതും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ബാലവിവാഹം ഏതേ മതത്തിൽ നടക്കുന്നുവെന്നതല്ല, ഭരണഘടന പ്രകാരം നിലനിൽക്കുമോ എന്നതാണ് പ്രസക്തമെന്ന സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. മുസ്ലീം വ്യക്തിനിയമപ്രകാരം18 തികയാത്ത പെൺകുട്ടിയുടെ വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാകില്ലെന്ന 2022ലെ കേരള ഹൈക്കോടതി ഉത്തരവും കമ്മിഷൻ ചൂണ്ടിക്കാട്ടി. ശൈശവ വിവാഹ നിരോധന നിയമം വ്യക്തി നിയമത്തിനും മുകളിലാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |