കൊച്ചി : സിനിമാ രംഗത്തെ വനിതകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ഹൈക്കോടതിയിൽ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹേമ കമ്മിറ്റി റിപ്പോർട്ട് മാർഗരേഖയാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കമ്മിഷൻ ചൂണ്ടിക്കാട്ടി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയെയും വനിതാ കമ്മിഷനൊപ്പം കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളത്. ഹർജിയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി ഉത്തരവിടുന്നതിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ട് പുറത്തുവിടുന്നത് നേരത്തെ ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. തന്റേതുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പുറത്തുവരുമെന്ന് പറഞ്ഞായിരുന്നു സജിമോൻ ഹർജി നൽകിയത്. എന്നാൽ തിരഞ്ഞെടുത്ത വിവരങ്ങൾ ഉൾപ്പെടുത്തിയ ഭാഗികമായ റിപ്പോർട്ട് മാത്രമാണ് പുറത്തുവിടുന്നതെന്നും സ്വകാര്യ വിവരങ്ങൾ ഒന്നുംതന്നെ റിപ്പോർട്ടിൽ ഇല്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചരുന്നു. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ജൂലായ് 31ന് വീണ്ടും പരിഗണിച്ചെങ്കിലും ഹർജിക്കാരുടെ ആവശ്യത്തെ തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റിയത്. ഇതിലാണ് വാദം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |