പാരീസ്: ഒളിമ്പിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിന് യോഗ്യത നേടിയിട്ടും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ നാളെ വാദം. അന്താരാഷ്ട്ര കായിക കോടതിയില്‍ താരം സമര്‍പ്പിച്ച അപ്പീലിലാണ് നാളെ വാദം നടക്കുക. വെള്ളി മെഡല്‍ പങ്കിടണമെന്നും സ്വര്‍ണ മെഡലിനായി മത്സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിനേഷ് കായിക കോടതിയെ സമീപിച്ചത്. ഇതിന്‍മേല്‍ ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരം രംഗത്ത് വരികയും ചെയ്തു. തന്റെ കാര്യത്തില്‍ ഗെയിംസ് വില്ലേജില്‍ എത്തി അനാവശ്യ ഇടപെടല്‍ നടത്തുകയാണ് ഗുസ്തി ഫെഡറേഷനെന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിംഗ് വില്ലേജിലെത്തി തന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് താരത്തിന്റെ പരാതി.
ഫെഡറേഷന്റെ തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ 2023 ഡിസംബറില്‍ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിട്ടും ഇടപെടല്‍ ആവര്‍ത്തിക്കുകയാണെന്ന് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ചൂണ്ടിക്കാട്ടി. 2023 ഡിസംബറില്‍ നടന്ന ഗുസ്തി ഫെഡറേഷന്റെ പുതിയ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും കായിക ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഇത് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരടക്കമുള്ള താരങ്ങള്‍ ഈ വര്‍ഷം ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു.
ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷയും നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മേയ് 24-ന് വിധി പറയാന്‍ മാറ്റി വച്ചിരുന്നുവെങ്കിലും ഇതുവരെ വിധി പറഞ്ഞിട്ടില്ല.ബുധനാഴ്ച സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു താരത്തെ അയോഗ്യയാക്കിയത്. ഇതിനു പിന്നാലെ താരം ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |