മുംബയ്: അടുത്തിടെയാണ് ടാറ്റ സാമ്രാജ്യത്തിന്റെ മുൻ ചെയർമാനായ രത്ത ടാറ്റ വിടപറഞ്ഞത്. ലോകമൊട്ടാകെ അറിയപ്പെടുന്ന വ്യവസായി എന്നതിലുപരി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും പലർക്കും അംഗീകരിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ നെഞ്ചിൽ രത്തൻ ടാറ്റയുടെ ചിത്രം ടാറ്റു ചെയ്ത യുവാവിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
തന്റെ സുഹൃത്തിന്റെ ജീവൻ നിലനിർത്തിയത് ടാറ്റ ട്രസ്റ്റാണെന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയ്ക്ക് ഒരു ഇതിഹാസത്തെ നഷ്ടമായി എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ എന്തുകൊണ്ടാണ് രത്തൻ ടാറ്റയുടെ ചിത്രം ടാറ്റു ചെയ്തതെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുൻപാണ് തന്റെ സുഹൃത്തിന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ചതെന്ന് യുവാവ് പറഞ്ഞു. 'പല വലിയ ആശുപത്രികളിലും ചികിത്സയ്ക്കായി പോയി. പക്ഷെ അവരെല്ലാം ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. ആ സമയത്ത് ഞങ്ങളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ടാറ്റ ട്രസ്റ്റുമായി ബന്ധപ്പെടാൻ ചിലർ പറഞ്ഞത്. ഞങ്ങൾ അവരുടെ സഹായം തേടി. അതോടെ സൗജന്യ ചികിത്സ ലഭിച്ചു.ഒന്നര വർഷം കൊണ്ട് സുഹൃത്തിന്റെ അസുഖം ഭേദപ്പെട്ടു. ടാറ്റ ട്രസ്റ്റിൽ നിന്നും ഇത്തരത്തിൽ സഹായം ലഭിക്കുന്നവർ ഒരുപാടുണ്ട്. എനിക്കും രത്തൻ ടാറ്റയെ പോലെ മനുഷ്യരെ സഹായിക്കുന്ന ഒരു മനുഷ്യനായി മാറണം. ദൈവത്തെപ്പോലെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം യഥാർത്ഥ രക്ഷകനാണ്'- യുവാവ് പറഞ്ഞു.
മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റു ആർട്ടിസ്റ്റായ മഹേഷ് ചവാനാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 7.9 മില്ല്യൺ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു, ഇതിനകം വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ രത്തൻ ടാറ്റ ഒരു രത്നമായിരുന്നവെന്നാണ് ഒരാൾ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |