തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. ഇവർക്ക് ലക്ഷണങ്ങളുള്ളതിനാൽ തുടർപരിശോധന നടത്താനാണ് മെഡിക്കൽ ബോർഡ് തീരുമാനം. എന്നാൽ സ്രവമെടുക്കാൻ രോഗികൾ സഹകരിക്കാത്ത സാഹചര്യമുണ്ട്. രോഗിയുടെ അനുവാദമില്ലാതെ നട്ടെല്ലിൽ നിന്ന് സ്രവം എടുക്കാനാകില്ല. രോഗംസ്ഥിരീകരിച്ചാൽ മാത്രമേ തുടർചികിത്സ സാദ്ധ്യമാകൂ.
നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് കാവിൻകുളവുമായി ബന്ധപ്പെട്ടവരാണ് രണ്ടുപേരും. അതേസമയം, രോഗംബാധിച്ച് പ്രദേശത്തെ ഒരാൾ മരിക്കുകയും അഞ്ചു പേർ രോഗബാധിതരാകുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ലഹരിപ്പൊടികൾ കുളത്തിലെ വെള്ളത്തിൽ കലർത്തി പപ്പായത്തണ്ടിലൂടെ വലിച്ചുകയറ്റിയതിലൂടെയാണ് വൈറസ് യുവാക്കളുടെ തലച്ചോറിലെത്തിയതെന്ന് കണ്ടെത്തി. നെയ്യാറ്റിൻകരയിലെ കാവിൻകുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. ചികിത്സയിലുള്ള ആറുപേരിൽ പേരൂർക്കട സ്വദേശിക്ക് എങ്ങനെ വൈറസ് ബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ നിലമെച്ചപ്പെട്ടുവരുന്നതായി അധികൃതർ വ്യക്തമാക്കി.
പേരൂർക്കട സ്വദേശിക്ക് രോഗം ബാധിച്ച സാഹചര്യത്തിൽ നഗരത്തിൽ മെഡിക്കൽ കോളേജ് പരിസരത്തെയടക്കം വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കരുതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മെഡിക്കൽ കോളേജ് വളപ്പിലെ മേൽപ്പാലത്തിന് താഴെയുള്ള വെള്ളക്കെട്ടിൽ രോഗികളുടെ കൂട്ടിരിപ്പുകാർ വസ്ത്രങ്ങൾ അലക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. കുളിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുതെന്നും പ്രിൻസിപ്പൽ ലിനറ്റ് ജെ.മോറിസ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |