ഗാസ: ഗാസ സിറ്റിയിലെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ നൂറുപേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി. ഗാസയിലെ അൽ സഹബ പ്രദേശത്തുള്ള അൽ തബ ഈൻ സ്‌കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. അതേസമയം, ഹമാസ് കമാൻഡ് കേന്ദ്രത്തിനുനേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
40 പേർ കൊല്ലപ്പെട്ടെന്നും 12ലധികം പേർക്ക് പരിക്കേറ്റെന്നുമാണ് ഏജൻസിയുടെ വക്താവ് മഹ്‌മൂദ് ബസൽ ആക്രമണത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കിയത്. ഭീകരമായ കൂട്ടക്കൊലയാണ് നടന്നത്. തീ നിയന്ത്രണവിധേയമാക്കി മൃതദേഹങ്ങൾ കണ്ടെടുക്കാനും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുമുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഗാസയിലെ അഭയാർത്ഥി ക്യാമ്പിനുനേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. അൽ-നസ്‌റിന്റെയും ഹസ്സൻ സലാമയുടെയും സ്‌കൂളുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളാണെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. സ്കൂളുകൾ പൂർണമായി തകർന്നു. ഹമാസിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ചിരുന്ന സ്ഥലമാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ അന്നും പ്രതികരിച്ചത്.
ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 39,699 പേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യവകുപ്പ് അറിയിക്കുന്നു. ഹമാസിന്റെ ആക്രമണത്തിൽ 1198 പേരും കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കുന്നു.
ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട യഹ്യാ സിൻവാറിനെ (61) ഉടനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ ഏഴിന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണ്. ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേ ജൂലായ് 31ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാറിന് ചുമതല ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |