തിരുവനന്തപുരം: തലസ്ഥാനം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ദമ്പതികൾ പിടിയിൽ. മുട്ടത്തറ സിമി പെട്രോൾ പമ്പിന് എതിർവശം തരംഗിണി നഗർ നിവേദ്യം വീട്ടിൽ ഉണ്ണികൃഷ്ണൻ (39), ഭാര്യ അശ്വതി (35) എന്നിവരാണ് പിടിയിലായത്. കാവുവിള ഉണ്ണിയെന്നാണ് ഉണ്ണികൃഷ്ണൻ അറിയപ്പെടുന്നത്. ദമ്പതികളിൽ നിന്ന് പന്ത്രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
ഒഡീഷയിൽ നിന്നാണ് ഉണ്ണികൃഷ്ണൻ കഞ്ചാവ് കൊണ്ടുവന്നത്.ട്രെയിനിൽ നാഗർകോവിലിൽ ഇറങ്ങിയ ഉണ്ണികൃഷ്ണൻ അവിടെ നിന്ന് ടൂറിസ്റ്റ് ബസിൽ കളിയിക്കാവിളയിൽ എത്തി ഭാര്യയെ വിളിച്ചു വരുത്തി. സ്‌കൂട്ടറുമായെത്തിയ യുവതി, ഭർത്താവിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസും കോവളം എസ്.എച്ച്.ഒ ജയപ്രകാശ്, സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, നസീർ, മുനീർ, സി.പി.ഒ മാരായ ബിജു, ബൈജു ജോൺ, റാണി എന്നിവരടങ്ങിയ സംഘം പരിശോധന നടത്തവെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു.
കഞ്ചാവ് ഒളിപ്പിക്കാനായി കോവളം ലൈറ്റ്ഹൗസിന്റെ ഭാഗത്തെത്തിയ പ്രതികളെ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. സമാനമായ കേസിൽ ഇതിനുമുമ്പും ഉണ്ണികൃഷ്ണൻ പിടിയിലായിരുന്നു. അന്ന് 150 കിലോ കഞ്ചാവാണ് കടത്തിയത്. ആ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും ഭാര്യയേയും കൂട്ടി കഞ്ചാവ് വിൽപനയ്ക്കിറങ്ങുകയായിരുന്നു.
അച്ഛനും മകനും പിടിയിൽ
തിരുവനന്തപുരം പാലോട് അച്ഛനും മകനും ലഹരിയുമായി പിടിയിലായി. രണ്ട് കിലോ കഞ്ചാവും 735 പാക്കറ്റ് പാൻമസാലയുമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |