തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനകാലത്ത് മീന്‍വില കൂടിയപ്പോള്‍ മലയാളികള്‍ ആശ്രയിച്ചത് കോഴിയിറച്ചിയെ ആയിരുന്നു. രാസമരുന്നുകള്‍ തളിച്ച് ദിവസങ്ങളോളം പഴക്കമുള്ള മത്സ്യത്തെക്കാള്‍ ആരോഗ്യത്തിനും നല്ലതാണെന്നതായിരുന്നു ഇതിന് കാരണം. മീന്‍ വാങ്ങുന്നതിനേക്കാള്‍ വിലയും കുറവ്. ഒരു കിലോ ഇറച്ചിക്ക് 220 -250 രൂപവരെ എത്തിയെങ്കിലും കോഴിയിറച്ചി കച്ചവടം പൊടിപൊടിച്ചു. ഫാം ഉടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലാഭം.
ഇപ്പോഴിതാ ട്രോളിംഗ് നിരോധനം അവസാനിച്ച് കേരള തീരത്ത് മത്സ്യലഭ്യത വര്‍ദ്ധിച്ചു. ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്കയും ജപ്പാനും നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ കയറ്റി അയക്കുന്ന മുന്തിയ ഇനം മീനിനും വില കുറഞ്ഞു. അതോടൊപ്പം തന്നെ കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില കുറഞ്ഞിരിക്കുകയാണ്. ഒരു കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്ത് മാത്രം നല്‍കിയാല്‍ മതിയെന്നതാണ് സ്ഥിതി. അതുകൊണ്ട് തന്നെ മലയാളികളുടെ തീന്‍മേശയില്‍ മീനും ഇറച്ചിയും സുലഭമാണ്.
മീന്‍ ലഭ്യത കൂടിയത് മാത്രമല്ല കോഴി ഇറച്ചിക്ക് വില കുറയാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കുറഞ്ഞതോടെ നഷ്ടം ഫാം നടത്തുന്ന കര്‍ഷകര്‍ക്കാണ്. കിലോയ്ക്ക് 100 രൂപ നിരക്കില്‍ കടകളില്‍ നിന്ന് നമ്മള്‍ വാങ്ങുന്ന കോഴിയിറച്ചി 60 മുതല്‍ 70 രൂപ നല്‍കിയാണ് കച്ചവടക്കാരും മൊത്തവിതരണക്കാരും കര്‍ഷകരില്‍ നിന്ന് വാങ്ങുന്നത്. വിലക്കൂടുതലുണ്ടായിരുന്ന സമയത്ത് കര്‍ഷകര്‍ കോഴിവളര്‍ത്തല്‍ വര്‍ദ്ധിപ്പിച്ചു, അതുകൊണ്ട് തന്നെ മിക്ക ഫാമുകളിലും കോഴികളുടെ എണ്ണം കൂടുതലാണ്. അതിനാല്‍ കച്ചവടക്കാരും മൊത്തവിതരണക്കാരും പറയുന്ന വിലയ്ക്ക് കോഴിയെ നല്‍കേണ്ട സ്ഥിതിയുണ്ട്.
കോഴികളുടെ എണ്ണം കൂടുതലായതിനാല്‍ ഇവയ്ക്ക് തീറ്റയ്ക്കായി ചെലവാക്കേണ്ട തുകയും കൂടുതലാണ്. മാത്രമല്ല പക്ഷിപ്പനിയോ മറ്റോ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ഷകര്‍ക്ക് വില ഇനിയും കുറയ്‌ക്കേണ്ടി വരും. പൂര്‍ണവളര്‍ച്ച എത്തിയ കോഴികളെ വില്‍ക്കാതെ നിര്‍ത്തിയാല്‍ അസുഖം ബാധിക്കാനും ചത്തുപോകാനും സാദ്ധ്യത കൂടുതലാണ്. ഇത് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ട് തന്നെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയാണ് കര്‍ഷകരും ഫാം ഉടമകളും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊത്തക്കച്ചവടക്കാര്‍ക്കും ഇറച്ചിക്കട നടത്തിപ്പുകാര്‍ക്കും വാങ്ങുന്നവര്‍ക്കും ലാഭമാണെങ്കിലും കോഴി കര്‍ഷകര്‍ക്കും ഫാം ഉടമകള്‍ക്കും സഹിക്കേണ്ടി വരുന്നത് വലിയ നഷ്ടമാണ്. ഇനി ഓണക്കാലത്ത് മാത്രമേ വില കൂടാന്‍ സാദ്ധ്യതയുള്ളൂ. കിട്ടുന്ന വിലയ്ക്ക് വില്‍ക്കേണ്ടി വരുന്ന സാഹചര്യമായതിനാല്‍ പലരും കോഴി വളര്‍ത്തല്‍ ഇപ്പോഴത്തെ സ്‌റ്റോക് തീര്‍ന്നാല്‍ നിര്‍ത്തിവയ്ക്കാന്‍ ഒരുങ്ങുകയാണ്.
അങ്ങനെ വരുമ്പോള്‍ ഒരു മാസത്തിനപ്പുറം ഓണക്കാലം വരുമ്പോള്‍ കോഴി കിട്ടാത്ത അവസ്ഥവരും. ഇത് മുന്നില്‍ക്കണ്ടാണ് തമിഴ്‌നാട് ലോബി പ്രവര്‍ത്തിക്കുന്നത്. ഓണക്കാലത്ത് സംസ്ഥാനത്തേക്ക് ഇറച്ചിക്കോവികളെ എത്തിച്ച് കോടികളുടെ ലാഭമാണ് തമിഴ്‌നാട് ലോബി ലക്ഷ്യമിടുന്നത്. ഹോട്ടല്‍ ഉടമകളാണ് കൊള്ളലാഭം കൊയ്യുന്ന മറ്റൊരു വിഭാഗം. ചിക്കന്‍ വില ഉയര്‍ന്ന് നിന്ന സമയത്ത് കൂട്ടിയ ഇറച്ചി ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹോട്ടലുകളും ബേക്കറി ഉടമകളും ഇനിയും തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |