ഭോപ്പാൽ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ കാൽ തൊട്ട് വന്ദിച്ച് കോൺഗ്രസ് എംഎൽഎ. കാൽ തൊട്ട് വന്ദിച്ചത് കൂടാതെ സിന്ധ്യ തന്റെ മഹാരാജാവാണ് എന്നും ഇയാൾ പുകഴ്‌ത്തി. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌രിയിൽ നിന്നുള്ള എംഎൽഎയായ കൈലാഷ് ഖുഷ്‌വയാണ് കോൺഗ്രസിനെ നാണം കെടുത്തിയിരിക്കുന്നത്. കൈലാഷ് അധികം വൈകാതെ ബിജെപിയിലേക്ക് ചേക്കേറുമെന്നും വാർത്തകളുണ്ട്.
എന്നാൽ തന്നെക്കുറിച്ച് പ്രചരിക്കുന്നതൊന്നും ശരിയല്ലന്നാണ് കൈലാഷ് ഖുഷ്‌വയുടെ പ്രതികരണം. സിന്ധ്യ തന്റെ മണ്ഡലത്തിലെ എംപിയാണ്. നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹത്തെ കണ്ടത്. താൻ എന്നും കോൺഗ്രസുകാരനായി നിലകൊള്ളുമെന്നും കൈലാഷ് പറഞ്ഞു.
കഴിഞ്ഞ മാസം ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിൽ മദ്ധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവായ റാംനിവാസ് റാവത്ത് ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗമാവുകയും ചെയ‌്തു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ആറ് തവണ എംഎൽഎ ആയ ആളാണ് റാംനിവാസ് റാവത്ത്.
ഇൻഡോറിലും പാർട്ടിക്ക് തിരിച്ചടിയാണ് നേരിട്ടത്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലായിരുന്നു. നോമിനേഷൻ കൊടുക്കുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് മത്സരാർത്ഥി അക്ഷയ് ഭാം നോമിനേഷൻ പിൻവലിച്ച് പാർട്ടിയിൽ നിന്ന് രാജിവയ‌്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബിജെപിയിലേക്ക് പോവുകയും ചെയ‌്തു.
എന്നാൽ അക്ഷയ് ഭാമിനെ ബിജെപി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജിത്തു പട്‌വാരി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |