ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നത് വെല്ലുവിളിയാണെന്ന് ശിവകുമാർ വ്യക്തമാക്കി.
'കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നിരുന്നാലും ദൗത്യം അവസാനിപ്പിക്കില്ല. തെരച്ചിൽ തുടരും'- ഡി കെ ശിവകുമാർ പറഞ്ഞു.
എല്ലാ ദിവസവും ജില്ലാ ഭരണകൂടം ഗംഗാവലി പുഴയുടെ ഒഴുക്ക് പരിശോധിക്കുന്നുണ്ട്. ഇന്നലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേഗതയിലാണ്. ഈ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കുന്നത് സാദ്ധ്യമല്ല. അത് കുറയുന്ന സാഹചര്യത്തിൽ തെരച്ചിൽ പുനഃരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും.
ഒരാൾക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ രണ്ട് നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗത കുറയണം. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രവചനം. രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ഉണ്ടായിരുന്നില്ലെന്നതും ആശ്വാസകരമാണ്. ചൊവ്വാഴ്‌ച പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അറിയിച്ചിരുന്നു.
അതിനിടെ അർജുനായുള്ള തെരച്ചിൽ വൈകുന്നതിനെതിരെ കുടുംബം രംഗത്തെത്തി. തെരച്ചിലിൽ ജില്ലാ ഭരണകൂടത്തിന് വീഴ്‌ചയുണ്ടായെന്ന് ബന്ധു ജിതിൻ ആരോപിച്ചു. രണ്ട് ദിവസത്തിനകം തെരച്ചിൽ പുനഃരാരംഭിക്കണം. തെരച്ചിൽ ആരംഭിച്ചില്ലെങ്കിൽ കുടുംബത്തോടെ ഷിരൂരിലെത്തി പ്രതിഷേധിക്കുമെന്നും ജിതിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |