തിരൂർ: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഡിജി സർവേ മലപ്പുറം ജില്ലയിൽ ഒച്ചിഴയും വേഗത്തിൽ. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തുന്നതിനാണ് ഡിജി സർവ്വേ നടത്തുന്നത്. 11 ലക്ഷം ഗാർഹിക ഉപഭോക്താക്കളുള്ള ജില്ലയിൽ ഇതുവരെ എഴുപതിനായിരത്തോളം വീടുകളിലാണ് സർവേ പൂർത്തിയായത്.
കഴിഞ്ഞ ജനുവരി - ഫെബ്രുവരി മാസം സംസ്ഥാനത്തെ മറ്റു ജില്ലകളിൽ സർവ്വേ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും മലപ്പുറം ജില്ലയിൽ ജൂലായ് മുതലാണ് തുടക്കമായത്. തവനൂർ, എടപ്പാൾ പഞ്ചായത്തുകളിൽ സർവേ നൂറുശതമാനം പൂർത്തിയായി. മൂന്നാംസ്ഥാനത്ത് പുറത്തൂർ പഞ്ചായത്താണ്. വേങ്ങര പഞ്ചായത്താണ് ഏറ്റവും പിറകിലുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള 15 ചോദ്യങ്ങൾ സർവേയിലുണ്ട്. കുടുംബശ്രീ, സാക്ഷരതാ മിഷൻ, ആർ.ജി.എസ്.എ,എൻ.എസ്. എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ വൊളന്റിയർമാർ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
14 വയസു മുതൽ 65 വയസിന് മുകളിലുള്ള എല്ലാവരെയും സർവേ ചെയ്യേണ്ടതുണ്ട്. ഡിജി കേരളം ആപ് വഴിയാണ് സർവേ. സർവേ പൂർത്തിയായാലേ എത്ര പേർക്ക് പരിശീലനം നൽകണമെന്ന് കണ്ടെത്താനാകൂ. 70,000 വീടുകളിൽ നടത്തിയ സർവേ അനുസരിച്ച് 20,000 പേർക്ക് പരിശീലനം നൽകണം.
പദ്ധതി ലക്ഷ്യംവയ്ക്കുന്നത്
സ്മാർട്ട് ഫോൺ ഓൺ ആക്കാനും ഓഫാക്കാനും അറിയുക
സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പ്രാപ്‌തമാക്കുക
ഇന്റർനെറ്റിൽ വിവരങ്ങൾ തെരയുക
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തുകളുടെയും വിവരങ്ങൾ അറിയുക
വിവിധ ഓൺലൈൻ സേവനങ്ങൾ, ഗ്യാസ് ബുക്കിംഗ്, വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷൻ, വൈദ്യുതി, വാട്ടർ ബില്ലുകൾ ഓൺലൈനായി അടയ്ക്കൽ
പരിശീലനവും മൂല്യനിർണ്ണയവും മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിർവഹിക്കുന്നത്.
ഒക്ടോബർ ഇരുപതോടുകൂടി മൂല്യനിർണ്ണയം പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽ കേരളത്തെ ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിശീലനത്തിന് നേതൃത്വം നൽകേണ്ട മാസ്റ്റർ ട്രെയ്നർമാർക്കുള്ള പരിശീലനം അടുത്ത ആഴ്ചയിൽ തന്നെ നടക്കും
ഡിജി സർവേ, ജില്ലാ നോഡൽ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |