ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളിൽ നിക്ഷേപം നടത്തിയെന്ന ആരോപണങ്ങൾ ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവൻ ബുച്ചും നടത്തിയതെന്ന് ഹിൻഡൻബർഗ്. തങ്ങളുന്നയിക്കുന്ന പുതിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാധബിക്ക് ബാദ്ധ്യതയുണ്ടെന്നും എക്‌സിൽ കുറിച്ചു.
തങ്ങളുടെ റിപ്പോർട്ടിനോടുള്ള സെബി മേധാവി മാധബി ബച്ചിന്റെ പ്രതികരണം വിനോദ് അദാനിക്കൊപ്പം ബെർമുഡ,മൗറീഷ്യസ് കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ട നിക്ഷേപ ഫണ്ടുകൾ അന്വേഷിക്കാൻ ചുമതലപ്പെട്ട സെബിയുടെ മേധാവി വ്യക്തിപരമായി നിക്ഷേപം നടത്തിയ ഇടത്ത് ആരോപണ വിധേയമായ ഫണ്ടുകളും ഉൾപ്പെടുന്നു. ഇത് വ്യക്തമായും താത്പര്യ വൈരുദ്ധ്യമുള്ള സംഭവമാണ്. സെബി മേധാവിയുടെ സിംഗപ്പൂരിലെ കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും സംശയമുയർത്തുന്നു.
അവരുമായി ബന്ധമുള്ള സിംഗപ്പൂർ കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ വരുമാനമോ ലാഭമോ അടക്കം സാമ്പത്തികകാര്യങ്ങൾ പരസ്യമാക്കുന്നില്ല. അതിനാൽ മാധബി സെബിയിൽ ഉണ്ടായിരുന്ന സമയത്ത് ഈ സ്ഥാപനം എത്ര പണം സമ്പാദിച്ചുവെന്ന് വ്യക്തമാകുന്നില്ല. മാധബിയുടെ 99 ശതമാനം ഉടമസ്ഥതയിലുള്ള സ്ഥാപനം, 2022, 2023, 2024 സാമ്പത്തിക വർഷങ്ങളിൽ കൾസൾട്ടിംഗ് ഇനത്തിൽ ഏകദേശം 2.40 കോടി യു.എസ് ഡോളർ നേടിയിട്ടുണ്ട്. സെബിയിൽ മുഴുവൻ സമയ അംഗമായി സേവനമനുഷ്ഠിക്കുമ്പോൾ ഭർത്താവിന്റെ പേരിൽ ബിസിനസ്സ് നടത്താൻ മാധബി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതായി രേഖയുണ്ടെന്നും ഹിൻഡൻബർഗ് ആരോപിച്ചു. 2017-ൽ, അദാനിയുമായുള്ള ബന്ധമുള്ള അക്കൗണ്ടുകൾ ഭർത്താവ് ധവൽ ബുച്ചിന്റെ പേരിൽ മാത്രമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഫണ്ടിലെ നിക്ഷേപം സെബിയിലെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് നടത്തിയതെന്ന് മാധബി പറഞ്ഞിരുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥയ്‌ക്ക് ശ്രമം
ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ കോൺഗ്രസ് പിന്തുണയോടെ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന് ബി.ജെ.പി വക്താവ് രവിശങ്കർ പ്രസാദ്. മോദിയെ എതിർക്കാൻ കോൺഗ്രസ് രാജ്യത്തെയും എതിർക്കുന്നു. ചെറുകിട നിക്ഷേപകരുടെ സമ്പാദ്യവും ഓഹരി വിപണിയും തകർക്കാനും ഇന്ത്യയിൽ സാമ്പത്തിക നിക്ഷേപം തടയാനും അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.
രാഹുൽ അപകടകാരിയായ മനുഷ്യൻ: കങ്കണ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏറ്റവും അപകടകാരിയായ മനുഷ്യനാണെന്നും പ്രധാനമന്ത്രിയാകാനുള്ള തന്റെ അജണ്ട നിറവേറ്റാനായില്ലെങ്കിൽ രാജ്യത്തെ നശിപ്പിക്കുമെന്നും ബോളിവുഡ് താരവും ബി.ജെ.പി എംപിയുമായ കങ്കണ റൗത്ത്. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി മേധാവി മാധബി ബുച്ച് രാജിവയ്‌ക്കാത്തത് എന്തുകൊണ്ടെന്ന രാഹുലിന്റെ പ്രസ്‌താവനയെ പരാമർശിച്ചാണ് കങ്കണയുടെ ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |