തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചത് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഗവർണർക്കായി അറ്റോർണിജനറൽ ആർ.വെങ്കിട്ടരമണി ഹാജരാവും. കഴിഞ്ഞദിവസം ഡൽഹിയിൽ അറ്റോർണിജനറലുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ, രാഷ്ട്രപതിക്ക് അയയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ച് വസ്തുതാറിപ്പോർട്ട് നൽകാനാണ് വെങ്കിട്ടരമണിയുടെ ഉപദേശം.
രാഷ്ട്രപതിക്കയച്ചതും, കാരണം വ്യക്തമാക്കാതെ രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്നതും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്കേരളത്തിന്റെ ആവശ്യം.ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മാർഗ്ഗരേഖ വേണമെന്നതാണ് മറ്റൊരു ആവശ്യം.
ചീഫ്സെക്രട്ടറി വി.വേണുവും പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണനുമാണ് വ്യത്യസ്ത ഹർജികൾ നൽകിയത് . മുൻഅറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് കേരളത്തിനുവേണ്ടി ഹാജരാവുന്നത്. കേരളത്തിന്റെ റിട്ട്ഹർജിയുടെ പകർപ്പ് രാജ്ഭവനിലെത്തിക്കാൻ നിയമസെക്രട്ടറിയോട് ഗവർണർ നിർദ്ദേശിച്ചു.
സർക്കാർ പരിധിവിട്ടെന്ന്
ഗവർണർ അറിയിക്കും
സർവകലാശാലകളുടെ സ്വയംഭരണം വെട്ടിച്ചുരുക്കുമെന്നും സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും വ്യക്തമായതിനാലാണ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചതെന്ന് ഗവർണർ സുപ്രീംകോടതിയെ അറിയിക്കും.
ബില്ലുകൾ സർക്കാരിന്റെ ഏകപക്ഷീയമായ ഇടപെടൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കും. വൈസ്ചാൻസലർ നിയമനത്തിന് അഞ്ചംഗകമ്മിറ്റിക്കായുള്ള ബിൽ സെർച്ച്കമ്മിറ്റിയിലെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളുടെ പ്രസക്തി ഇല്ലാതാക്കും.
സ്വകാര്യവ്യക്തിയെ ചാൻസലറാക്കുന്ന ബിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ചാൻസലർമാർക്ക് സ്വയംഭരണാധികാരം ഇല്ലാതാവും.
ശേഷിക്കുന്നത് 2 ബിൽ
ഏഴു ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ലോകായുക്തഭേദഗതിക്ക് മാത്രമാണ് അനുമതി നൽകിയത്. നാലെണ്ണം തള്ളി. 2021ലെ വാഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ഒന്നാംബില്ലും 2022ലെ ഗവർണറുടെ ചാൻസലർസ്ഥാനം ഒഴിവാക്കാനുള്ള രണ്ടാംബില്ലും മാത്രമാണ് രാഷ്ട്രപതിയുടെ മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |