തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതോടെ ,മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ നിർബന്ധിതമായി.
2019 ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളും സ്‌ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സമർപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കാര്യങ്ങൾ മലയാള സിനിമാ മേഖലയിലുണ്ടെന്ന കണ്ടെത്തൽ ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രമടക്കം ഉൾക്കൊള്ളിച്ചു. ഇതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.
പല സിനിമാ പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടതോടെ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായില്ല. വിവരാവാകാശ പ്രകാരവും നിയമസഭയിലും റിപ്പോർട്ടിന് വിലക്ക് ഏർപ്പെടുത്തി. വിവരാവാകശ കമ്മീഷന് പോലും റിപ്പോർട്ട് കൈമാറാൻ തയ്യാറാകാതെ വന്നതോടെ സിവിൽ കോടതിയുടെ അധികാരത്തോടെ റിപ്പോർട്ട് വിവരാവകാശ കമ്മിഷൻ പിടിച്ചെടുത്തു. വിവരങ്ങൾ പരിശോധിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ ഉത്തരവിട്ടത്.
''കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് റിപ്പോർട്ട് പ്രസിദ്ധീകരിക്കും''.
-മന്ത്രി സജി ചെറിയാൻ
ഹൈക്കോടതി വിധി സ്വാഗതം
ചെയ്യുന്നു: വനിതാ കമ്മിഷൻ
നിർമ്മാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളിയ ഹൈക്കോടതിവിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി. വിഷയത്തിൽ തുടക്കം മുതലേ വനിതാ കമ്മിഷൻ സ്ത്രീകൾക്കൊപ്പമായിരുന്നു. പോഷ് നിയമം അനുസരിച്ച് തൊഴിൽമേഖലയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാനുള്ള ആഭ്യന്തര പരാതി പരിഹാരസമിതി മലയാള സിനിമാരംഗത്തില്ലെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കമ്മിഷന് കഴിഞ്ഞു.
വിവരാവകാശ കമ്മിഷന്റെ ഉത്തരവനുസരിച്ച് വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |