തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയും ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കിയുമായ രമ്യ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മുൻപ് ക്ലബ്ബ്എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും സൗദി ആസ്ഥാനമായ യു.എഫ് എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുവർഷമായി റേഡിയോ കേരളത്തിലാണ്.
പതിനഞ്ച് വർഷത്തിലധികമായി മാദ്ധ്യമരംഗത്തുള്ള ലാവണ്യ ആകർഷകമായ ശബ്ദത്തിലൂടെയും അവതരണത്തിലൂടെയും നിരവധി ആരാധകരെ സമ്പാദിച്ച ആർജെയാണ്.
ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് മുൻപ് 'ഇതും കടന്ന് പോകും' എന്ന കുറിപ്പോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
റേഡിയോ കേരളത്തിലെ വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർജെയാക്കിയത്.
കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ അജിത് പ്രസാദാണ് (നവനീത് വർമ) ഭർത്താവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. തിരുവനന്തപുരം തമലം മരിയൻ അപ്പാർട്ട്‌മെന്റിലെ പൊതുദർശനത്തിനുശേഷം സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |