ന്യൂഡൽഹി: തന്നെ വ്യാജസന്യാസിയെന്ന് വിളിക്കുന്നതായി ആരോപിച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഡൽഹി ഹൈക്കോടതിയിൽ മാനനഷ്‌ടക്കേസ് സമർപ്പിച്ചു. സ്വാമി ഗോവിന്ദാനന്ദ സരസ്വതിക്കെതിരെയാണ് പരാതി. തട്ടിക്കൊണ്ടു പോകലും ക്രിമിനൽ കേസുകളും ഉള്ള ആളാണെന്നും സ്വഭാവദൂഷ്യമുള്ളയാളാണെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായി അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന ശങ്കരാചാര്യരാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. തനിക്ക് കോൺഗ്രസ് പിന്തുണയുണ്ടെന്ന് സ്വാമി ഗോവിന്ദാനന്ദ സരസ്വതി പറയുന്നതായും ഹർജിയിൽ കൂട്ടിച്ചേർത്തു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കണമെന്ന അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചില്ല. പരാമർശങ്ങൾ അപകീർത്തികരമായി പ്രഥമദൃഷ്‌ട്യാ ബോദ്ധ്യപ്പെട്ടില്ലെന്ന നിലപാടാണ് ജസ്റ്റിസ് നവീൻ ചൗള സ്വീകരിച്ചത്. സന്യാസിമാർ ഇതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല. സന്യാസിമാർ സ്വന്തം പ്രവൃത്തിയിലൂടെയാണ് ബഹുമാനം ആർജ്ജിക്കുന്നത്. സ്വാമി ഗോവിന്ദാനന്ദ സരസ്വതിയ്‌ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട ഹൈക്കോടതി, വിഷയം ആഗസ്റ്ര് 29ന് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |