തിരുവനന്തപുരം: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും, അതുലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, കാഫിർ സ്ക്രീൻഷോട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെ.കെ. ശൈലജ എം.എൽ.എ പ്രതികരിച്ചു. സ്ക്രീൻ ഷോട്ട് എന്തിനാണ് ഷെയർ ചെയ്തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി.
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല. പൊലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്. പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി. ഇക്കാര്യത്തിലും കേസുകളുണ്ട്.
കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കണ്ടിട്ടില്ല. പൊലീസ് കൃത്യമായ വിവരശേഖരണം നടത്തണം. ഇത് നിർമിച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണ്. വ്യാജപ്രചാരണം നടത്തിയ എല്ലാവർക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമെന്ന് പ്രതിപക്ഷനേതാവ്
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. മുൻ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |