ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിനേഷിനെ സ്വീകരിക്കാൻ ഹരിയാനയിൽ നിന്ന് നിരവധി പേർ എത്തിയിരുന്നു.
കൂടാതെ സാക്ഷി മാലിക്കും ബജരംഗ് പുനിയയും വിനേഷിനെ സ്വീകരിക്കാനെത്തി. വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തന്നെ സ്വീകരിക്കാനെത്തിയവരെ കണ്ട് വിനേഷ് വിതുമ്പി. 'എല്ലാ ഇന്ത്യക്കാർക്കും നന്ദി പറയുന്നു, ഞാൻ വളരെ ഭാഗ്യവതിയാണ്.' -വിനേഷ് പ്രതികരിച്ചു. രാജ്യം നൽകിയത് സ്വർണ മെഡലിനേക്കാൾ വലിയ ആദരവാണെന്ന് വിനേഷ് ഫോഗട്ടിന്റെ മാതാവ് പറഞ്ഞു.
ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാലാണ് പാരിസ് വനിതകളുടെ 50 കിലോ ഒളിമ്പിക്‌സ് ഫൈനലിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയത്. ചരിത്ര ഫൈനലിൽ ഉറപ്പായിരുന്ന മെഡൽ ആണ് വിനേഷിന് നഷ്ടമായത്. ഫൈനലിൽ അമേരിക്കൻ താരം സാറ ആനിനോട് തോറ്റാൽപ്പോലും വെള്ളിമെഡൽ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു.
ഒളിമ്പിക് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡൽ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്. സംഭവത്തിൽ അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതുമൂലം അവർക്ക് ഇത്രയും നാൾ പാരിസിൽ തങ്ങേണ്ടി വന്നു. എന്നാൽ ബുധനാഴ്‌ച അപ്പീൽ തള്ളി. അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |