മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ചൂരൽമലയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഉരുൾവെള്ളം നിമിഷം കൊണ്ട് കടകളിലേക്ക് ഇരച്ചെത്തുന്നതും ഫർണിച്ചർ ഉൾപ്പെടെ ഒഴുകിപ്പോകുന്നതും ചുമരുകൾ തകരുന്നതും കാണാം.
തകർന്ന കടയിലെ സി.സി.ടിവിയുടെ ഡി.വി.ആർ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. 19 ദിവസം ചെളിയിൽ പൂണ്ടുകിടന്ന ഡി.വി.ആറിൽ നിന്നാണ് ദൃശ്യങ്ങൾ വീണ്ടെടുത്തത്.
പുലർച്ചെ ഒരു മണിയോടെ നടന്ന ആദ്യ ഉരുൾപൊട്ടൽ തന്നെ
വലിയ ശക്തിയിൽ ഉള്ളതാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. നടുക്കുന്ന സ്‌ഫോടന ശബ്ദവും കേൾക്കാം. ചൂരൽമലയിലെ ലാമിയ ബേക്കറിയിലെ ദൃശ്യങ്ങളാണ് ഏറെ ഞെട്ടിക്കുന്നത്. ഉരുൾ പൊട്ടുന്നതിന് മുമ്പ് പൂച്ച കരയുന്നത് കേൾക്കാം.കെട്ടിടത്തിലേക്ക് വെള്ളവും ചെളിയും കയറുന്നതും കാണാം. ഈ പൂച്ച ചത്തു.
ചൂരൽമല പുഴയുടെ സമീപത്തെ കടകളും വീടുകളുമാണ് പൂർണമായും തകർന്നത്. ആദ്യ ഉരുൾപൊട്ടലിലാണ് ചൂരൽമലയിലെ പാലം തകരുന്നത്. ടൗണിലേക്ക് വൻതോതിൽ ചെളി ഒഴുകിയെത്തി. വൻമരങ്ങൾ ഉൾപ്പെടെ ഇടിച്ച് കടകളുടെ ഷട്ടർ തകർന്നു.ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ പെയ്‌ത അതിതീവ്ര മഴയും ദൃശ്യങ്ങളിലുണ്ട്.
കടകൾ പൂർണമായും തകർന്നതോടെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |