SignIn
Kerala Kaumudi Online
Monday, 19 August 2024 2.55 PM IST

'പലിശ ഇളവ് മതിയാവില്ല'; വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ വായ്‌പകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

cm

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ കാരണം ദുരിതത്തിലായ മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിലെ ജനങ്ങളുടെ വായ്‌പകൾ എഴുതിതള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്. വയനാട്ടിലെ സാഹചര്യത്തിൽ പലിശ ഇളവോ അവധി നീട്ടിക്കൊടുക്കലോ മതിയാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രദേശത്തെ ജനങ്ങളുടെ വായ‌്‌പ‌യാകെ എഴുതിതള്ളുക എന്നതാണ് ചെയ്യാൻ കഴിയുന്ന കാര്യം. ബാങ്കേഴ്‌സ് സമിതിയിലെ ഒരു ബാങ്കിനും താങ്ങാനാവാത്തതല്ല ഇത്. ആകെ ഇടപാടിന്റെ ചെറിയ തുക മാത്രമേ ഇവിടെ വരുന്നുള്ളു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സഹകരണ ബാങ്ക് വായ്‌പ എഴുതിതള്ളാനുള്ള മാതൃകാപരമായ തീരുമാനം സ്വയമേ എടുത്തിട്ടുണ്ട്. പ്രദേശത്തെ കടംപൂർണമായും ഓരോ ബാങ്കും എഴുതിതള്ളുന്ന തീരുമാനം എടുക്കണം.

ചെയ്യാൻപറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി പെരുമാറാൻ പാടില്ലെന്നും ദുരിത ബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽ നിന്ന് വായ്‌പയുടെ തിരിച്ചടവ് പിടിച്ച ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ - ചൂരൽമല മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽ നിന്ന് വായ്‌പയുടെ തിരിച്ചടവ് പിടിച്ച ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ദുരന്തത്തിൽ ജീവനോപാധി നഷ്‌ടപ്പെട്ടവർക്കുള്ള സർക്കാർ സഹായമായ പതിനായിരം രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുകപിടിച്ചത്. ബാങ്ക് വായ്‌പകൾ ഉടനെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും സർക്കാരിന്റെയും ഉറപ്പ് നിലനിൽക്കെയാണ് തുക തിരിച്ചുപിടിച്ചത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പാത്തിരിച്ചടവിൽ ഇളവുകൾ തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ചേർന്ന പ്രത്യേക യോഗത്തിലാണ് വായ്പ എഴുതിത്തള്ളണമെന്ന ശുപാർശ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. വായ്പ എഴുതിത്തള്ളാനുള്ള തീരുമാനമെടുക്കാൻ ബാങ്കേഴ്‌സ് സമിതിക്ക്‌ അധികാരമില്ല. അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ് തീരുമാനിക്കേണ്ടത്. അതിനാൽ അർഹമായ വായ്പകൾ മുഴുവൻ എഴുതിത്തള്ളാൻ ബാങ്കേഴ്‌സ് സമിതി ബാങ്കുകളോട് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവൻ അംഗങ്ങളും മരിച്ച കുടുംബങ്ങളുടെ വായ്‌പകളും കുട്ടികൾമാത്രം ശേഷിക്കുന്ന കുടുംബങ്ങളുടെ വായ്‌പകളും എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവും. എന്നാൽ, മറ്റ് വായ്‌പകളുടെ കാര്യത്തിൽ ബാങ്കുകളുടെ തീരുമാനം നിർണായകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PINARAYI VIJAYAN, CM, WAYANAD LANDSLIDE, BANKERS COMMITTEE, MEETING, LOAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.