കൽപ്പറ്റ: കനത്ത മഴക്കു പിന്നാലെ ജില്ലയിലെ ചില തോട്ടങ്ങളിൽ കാപ്പിക്കുരു കറുത്തു കൊഴിഞ്ഞുവീണു നശിക്കുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. പാകമാകുന്നതിനു മുമ്പാണ് കാപ്പിക്കുരു ഇത്തരത്തിൽ കറുത്ത നിറമായി വ്യാപകമായി കൊഴിഞ്ഞു വീഴുന്നത്. തുടർച്ചയായി മഴ പെയ്ത സമയത്തും മഴയ്ക്കു ശേഷവും രോഗം കണ്ടുവരുന്നതായും കർഷകർ പറയുന്നു.
പ്രതികൂല കാലാവസ്ഥയായിരിക്കും കായ കൊഴിച്ചിലിനു ഇടയാക്കുന്നതെന്നും മഴ തുടർച്ചയായി പെയ്യുന്നത് കാപ്പിച്ചെടികളിൽ കുമിൾ രോഗം വർദ്ധിക്കാൻ കാരണമാകുന്നുവെന്നും പറയപ്പെടുന്നു. ഇലകളും കായ്കകളും വ്യാപകമായി കറുത്തു കൊഴിയുന്നതു കുമിൾ രോഗത്തിന്റെ ലക്ഷണമാണെന്ന് പരമ്പരാഗത കർഷകർ പറയുന്നു.
പ്രതികൂല കാലാവസ്ഥ മൂലം റോബസ്റ്റ, അറബിക്ക ഇനങ്ങളിൽ കറുത്ത അഴുകൽ, ഞെട്ട് ചീയൽ പോലുള്ള രോഗങ്ങളും ഇക്കുറിയും ചുരുക്കം ചില കൃഷിയിടങ്ങളിൽ കണ്ടുവരുന്നുണ്ട്. കാപ്പിക്കുരുവിന് വിലയുള്ള സമയത്ത് രോഗം ബാധിച്ചും വന്യമൃഗങ്ങൾ കാരണവും കൃഷി നശിക്കുന്നത് ഇരുട്ടടിയായിരിക്കുകയാണ്.
കഴിഞ്ഞ എട്ട് വർഷമായി ജില്ലയിലുണ്ടായ കാലാവസ്ഥാ വ്യതിയാനം കാപ്പിയുടെ വിളവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ചില തോട്ടങ്ങളിൽ ഇക്കുറി നല്ല രീതിയിൽ തന്നെ കായ് പിടിക്കുന്നുണ്ട്. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കി വായുസഞ്ചാരം ഉറപ്പു വരുത്തിയാൽ കായ കൊഴിച്ചിൽ പോലുള്ള രോഗത്തെ കുറയ്ക്കാൻ കഴിയുമെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |