ജർമ്മൻ ഫുട്ബാളർ ഇൽക്കേയ് ഗുണ്ടോഗൻ വിരമിച്ചു
മ്യൂണിക്ക് : ജർമ്മൻ ഫുട്ബാൾ ടീമിന്റെ നായകൻ ഇൽക്കേയ് ഗുണ്ടോഗൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് 33കാരനായ ഗുണ്ടോഗന്റെ തീരുമാനം. ഇക്കഴിഞ്ഞ യൂറോ കപ്പിൽ സ്പെയ്നിന് എതിരായ ക്വാർട്ടർ ഫൈനലിലാണ് അവസാനമായി ജർമ്മൻ കുപ്പായമണിഞ്ഞത്. ടോണി ക്രൂസിനും തോമസ് മുള്ളർക്കും പിന്നാലെ ഈ വർഷം വിരമിക്കുന്ന പ്രമുഖ ജർമ്മൻ താരമാണ് ഗുണ്ടോഗൻ.
2011ൽ ജർമ്മൻ സീനിയർ ടീമിലെത്തിയ മിഡ്ഫീൽഡറായ ഗുണ്ടോഗൻ 13 വർഷം നീണ്ട കരിയറിനിടയിൽ 82 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 19 ഗോളുകൾ നേടിയിട്ടുണ്ട്. 2018,2022 ലോകകപ്പുകളിലും 2012, 2020 യൂറോകപ്പുകളിലും ജർമ്മനിയെ പ്രതിനിധീകരിച്ചു. 2014ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോൾ നടുവിന് പരിക്കേറ്റതിനാൽ ഗുണ്ടോഗൻ ടീമിലുണ്ടായിരുന്നില്ല. 2016ലെ യൂറോ കപ്പിലും പരിക്ക് വിലങ്ങുതടിയായി. ജർമ്മൻ ദേശീയ ഫുട്ബാൾ ടീമിന്റെ നായകനാകുന്ന ആദ്യ തുർക്കിഷ് വംശജനാണ്.
2009ൽ എഫ്.സി ന്യൂറംബർഗ് ക്ളബിലൂടെയാണ് ഗുണ്ടോഗൻ പ്രൊഫഷണൽ കരിയറിൽ ശ്രദ്ധനേടിയത്. 2011ൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിലെത്തി. 2016ൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിലെത്തി. സിറ്റിയുടെ നായകനായി നിരവധി കിരീടനേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച ഇൽക്കേ 2023ലാണ് സ്പാനിഷ് ക്ളബ് ബാഴ്സലോണയിലേക്ക് കൂടുമാറിയത്. ഈ സീസണിന് ശേഷം ബാഴ്സലോണയും വിടാനാണ് ഗുണ്ടോഗന്റെ തീരുമാനമെന്നറിയുന്നു.
2011
ആഗസ്റ്റിൽ ബ്രസീലിന് എതിരായ സൗഹൃദ മത്സരത്തിനായാണ് ഗുണ്ടോഗനെ ആദ്യമായി ടീമിലെടുത്തതെങ്കിലും കളത്തിലറങ്ങിയത് ഇതേവർഷം ഒക്ടോബറിൽ ബെൽജിയത്തിന് എതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പകരക്കാരനായാണ്.
2023
ൽ മാനുവൽ ന്യൂയറിന്റെ അഭാവത്തിലാണ് ആദ്യമായി ജർമ്മനിയുടെ ക്യാപ്ടനായത്. ന്യൂയർ പരിക്ക് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഗുണ്ടോഗൻ ക്യാപ്ടനായി തുടർന്നു.
2018
ൽ മെസ്യൂട്ട് ഓയ്സിലിനൊപ്പം തുർക്കി പ്രസിഡന്റ് എർദോഗനെ സന്ദർശിച്ച് ഗുണ്ടോഗനും പുലിവാല് പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |