കൊടക്കാട് (കാസർകോട്): സംഘടനാ പ്രവർത്തന ശൈലി മാറ്റിയില്ലെങ്കിൽ നാളെ നമ്മുടെ കൂടെ നടക്കാൻ ആളുണ്ടാവില്ലെന്ന യാഥാർത്ഥ്യം തൊഴിലാളി നേതാക്കൾ തിരിച്ചറിയണമെന്ന് കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ.വിജയരാഘവൻ പറഞ്ഞു. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം കാസർകോട് കൊടക്കാട് ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരോഗമന, പ്രബുദ്ധമായ കേരളത്തിലല്ല നാം ഇപ്പോൾ ജീവിക്കുന്നത്. മൂന്നിൽ രണ്ട് ജനവിഭാഗങ്ങളും വർഗീയ, ജാതീയ, പ്രതിലോമ, പ്രാകൃത മൂല്യബോധ സംരക്ഷകരായി മാറിയ കേരളത്തിലാണ്. ജനങ്ങൾ വലിയ തോതിൽ വർഗീയ വികാരത്തിനും ജാതിബോധത്തിനും വിധേയമാകുന്നു. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് പകരം വർഗീയ ആശയങ്ങൾ കുത്തിവയ്ക്കുമ്പോൾ ആളുകൾ അതിൽ വീണുപോവുകയാണ്. ബി.ജെ.പിയും സംഘപരിവാർ ശക്തികളും ഉയർത്തിവിടുന്ന വർഗീയ വിഷത്തെ തടയാൻ ചെറിയ പണിയല്ല ചെയ്തു തീർക്കാനുള്ളത്.
സംസ്ഥാന പ്രസിഡന്റ് എൻ.ആർ.ബാലൻ പതാകയുയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.ബി.ദേവദർശനൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വൈകിട്ട് നടന്ന രക്തസാക്ഷി സ്മൃതി സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം 22ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |