ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി യു.എസ് മുന്നോട്ടുവച്ച നിർദ്ദേശത്തോട് അനുകൂല നിലപാടുമായി ഇസ്രയേൽ. നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചെന്നും അന്തിമ തീരുമാനം ഇനി ഹമാസിന്റെ കൈകളിലാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. തിങ്കളാഴ്ച ഇസ്രയേലിലെത്തിയ ബ്ലിങ്കൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം, യു.എസ് ഇസ്രയേലിന്റെ പക്ഷത്താണെന്ന് ഹമാസ് തിരിച്ചടിച്ചു. കഴിഞ്ഞ ആഴ്ച ഖത്തറിലെ ദോഹയിൽ ചേർന്ന മദ്ധ്യസ്ഥ ചർച്ചയിലാണ് ഹമാസിനും ഇസ്രയേലിനും അനുയോജ്യമായ തരത്തിൽ ആവിഷ്‌കരിച്ച പുതിയ നിർദ്ദേശം യു.എസ് അവതരിപ്പിച്ചത്.
താത്കാലികമായി നിറുത്തിവച്ച ചർച്ച ഈ ആഴ്ച പുനരാരംഭിക്കും. ഹമാസിനെ കൂടി അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഹമാസ് നിർദ്ദേശത്തോട് യോജിക്കില്ലെന്നാണ് സൂചന. ഇന്നലെ ഈജിപ്‌റ്റിലെത്തിയ ബ്ലിങ്കൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസിയുമായി ചർച്ച നടത്തി. ഈജിപ്‌റ്റ്, ഖത്തർ എന്നീ രാജ്യങ്ങളും സമാധാന ശ്രമങ്ങൾക്ക് യു.എസിനൊപ്പം സജീവമാണ്.
അതിനിടെ, ഹമാസ് ബന്ദികളാക്കിയ ആറ് ഇസ്രയേലി പൗരന്മാരുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് കണ്ടെത്തി. ഭൂഗർഭ തുരങ്കത്തിൽ നടത്തിയ സങ്കീർണമായ ദൗത്യത്തിലൂടെയാണ് മൃതദേഹങ്ങൾ വീണ്ടെടുത്തതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഇനി 109 ബന്ദികൾ ഗാസയിൽ ഉണ്ടെന്ന് കരുതുന്നു. ഇതിൽ മൂന്നിലൊന്ന് പേർ മരിച്ചിരിക്കാമെന്നാണ് നിഗമനം. അതിനിടെ, നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. വെടിനിറുത്തൽ ശ്രമങ്ങൾക്ക് നെതന്യാഹു തുരങ്കം വയ്‌ക്കുകയാണെന്ന് അവർ ആരോപിച്ചു.
സ്‌കൂൾ തകർത്ത് ഇസ്രയേൽ: 12 മരണം
ഗാസയിൽ അഭയാർത്ഥികൾ കഴിഞ്ഞ സ്കൂൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. 12 പേർ കൊല്ലപ്പെട്ടു. ഇന്നലെ ഗാസ സിറ്റിയിലെ മുസ്തഫ ഹാഫിസ് സ്കൂളിലായിരുന്നു സംഭവം. സ്‌കൂളിനുള്ളിൽ ഹമാസ് കേന്ദ്രം പ്രവർത്തിച്ചിരുന്നെന്ന് ഇസ്രയേൽ ആരോപിച്ചു. പുലർച്ചെയുണ്ടായ മറ്റ് ആക്രമണങ്ങളിലായി 11 പേരും കൊല്ലപ്പെട്ടു.
സമീപകാലത്ത് സ്കൂളുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,170 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |