തിരുവനന്തപുരം: തലസ്ഥാന നഗരമദ്ധ്യത്തിൽ തകരപ്പറമ്പ് ഫ്ലൈ ഓവറിനടിയിൽ ദുരിതജീവിതം നയിക്കുന്ന ബിജു ഉൾപ്പെടെ ഏഴംഗ കുടുംബത്തിന് നാല് സെന്റ് പുരയിടവും വീടും ഉറപ്പായി. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കേരളകൗമുദി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട കൊല്ലം ഐലന്റ് മൺറോതുരുത്ത് ദാസ് വിലാസത്തിൽ ദാസനാണ് ബിജുവിനും കുടുംബത്തിനും അഭയമൊരുക്കുന്നത്. കൊല്ലം മൺറോതുരുത്തിൽ തന്റെ ഉടമസ്ഥതയിലുള്ള കുടുംബവീടും വസ്തുവിന്റെ ഒരു ഭാഗവുമാണ് ബിജുവിനും കുടുംബത്തിനുമായി ദാസൻ നീക്കിവച്ചത്. കേരളകൗമുദിയുമായി ബന്ധപ്പെട്ടാണ് ബിജുവിന് ദാസൻ സഹായം വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ 14നാണ് കൈതമുക്ക് സ്വദേശി ബിജുവിന്റെ ദുരിതജീവിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. വീടിന്റെ മെയിന്റനൻസ് ജോലികൾ പൂർത്തിയായാലുടൻ താക്കോൽ ദാനം നടക്കുമെന്ന് ദാസൻ പറഞ്ഞു. മൺറോ തുരുത്തിലേക്ക് എത്രയും വേഗം താസമം മാറ്റാനാണ് ബിജുവും കൂടെയുള്ളവരും ആഗ്രഹിക്കുന്നത്.
കെട്ടിട നിർമ്മാണത്തിനിടെ വീണ് തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ബിജുവിനെ വഴിയാധാരമാക്കിയത്. ചികിത്സയ്ക്കായി പണം ഏറെ ചെലവാക്കേണ്ടിവന്നതോടെ കിടപ്പാടം വിൽക്കേണ്ടിവന്നു. അതോടെയാണ് തന്നെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം തകരപ്പറമ്പിൽ തലചായ്ക്കാൻ ബിജു ഇടം കണ്ടെത്തിയത്.
കണ്ണീരിന്റെ വിലയറിയാം: ദാസൻ
14 വർഷമായി കേരളകൗമുദിയുടെ വാർഷിക വരിക്കാരനാണ്. ബിജുവിന്റെ വാർത്തവായിച്ചപ്പോൾ മനസ്സ് നൊന്തു. രണ്ടു ദിവസം കാത്തു. ആ കുടുംബത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നത് സങ്കടമായി. കേരളകൗമുദിയിൽ ജോലി ചെയ്തിരുന്ന മണിലാലിനെ വിളിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകന്റെ നമ്പർ വാങ്ങി വിളിക്കുകയായിരുന്നു. ബിജുവിന്റെ കുടുംബത്തിന് പാർക്കാൻ ഒരിടം കൊടുക്കുന്നതിന് അവസരം നൽകിയ കേരളകൗമുദിയോട് നന്ദിയുണ്ട്. കല്ലടയാറ്റിലെ മണൽ വാരൽ തൊഴിലാളിയിൽ നിന്ന് മൺറോതുരുത്തിലെ മാൻഗ്രോവ് റിസോർട്ടിന്റെ ഉടമവരെയുള്ള എന്റെ ജീവിതം യാതനകളുടേതാണ്. എനിക്ക് സാധാരണക്കാരന്റെ കണ്ണീരിന്റെ വിലയറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |