ചൈന, ഇന്ത്യ, റഷ്യ എന്നിവ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകാൻ അംഗീകാരം നൽകി ശ്രീലങ്കൻ കാബിനറ്റ്. ഇന്നലെയാണ് കാബിനറ്റ് അംഗീകാരം നൽകിയത്.
ഒക്‌ടോബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി 30 ദിവസത്തേക്കാണ് വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത്. കാബിനറ്റ് വക്താവും ഗതാഗത മന്ത്രിയുമായ ബന്ദുല ഗുണവർദ്ധനയാണ് ഇക്കാര്യം അറിയിച്ചത്. സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെ പോലെ ശ്രീലങ്കയെ ഒരു ഫ്രീ വിസ രാജ്യമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിവേഗം വളരുന്ന ടൂറിസം വ്യവസായത്തിന്റെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും ഗുണവർദ്ധന മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ, ചൈന, യുകെ, ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഡെൻമാർക്ക്, പോളണ്ട്, കസാക്കിസ്ഥാൻ, സൗദി അറേബ്യ, യുഎഇ, നേപ്പാൾ, ഇന്തോനേഷ്യ, റഷ്യ, തായ്‌ലൻഡ്, മലേഷ്യ, ജപ്പാൻ, ഫ്രാൻസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.
ബീച്ചുകൾ, പുരാതന ക്ഷേത്രങ്ങൾ, പ്രത്യേകതരം ചായകൾ എന്നിവയ്‌ക്ക് പേരുകേട്ട ശ്രീലങ്കയിൽ 22 ദശലക്ഷം ആളുകളുണ്ട്. കൊവിഡിന്റെ ഭാഗമായി ഇവിടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാവുകയും ഇക്കാരണത്താൽ 2022ൽ രാജ്യത്ത് വളരെ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്‌തു. ഇത് വൻതോതിൽ പ്രതിഷേധങ്ങളും അവശ്യവസ്‌തുക്കളുടെയും ഇന്ധനങ്ങളുടെയും ദൗർലഭ്യത്തിലേക്കും നയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് പകുതിക്ക് ശേഷം ശ്രീലങ്കയിൽ രണ്ട് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തി. 2019ന് ശേഷം ടൂറിസം രംഗത്തുണ്ടായ ഏറ്റവും വലിയ നേട്ടമാണിത്. തുടർന്നാണ് വലിയ നേട്ടങ്ങൾ കൊയ്യാനായി പുതിയ പദ്ധതികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ശ്രീലങ്കൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ( 2,46,922 ) നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ അവിടേക്കെത്തുന്നത്. രണ്ടാം സ്ഥാനത്ത് യുകെയാണ് ( 1,23,992 ).
2024 ന്റെ ആദ്യ പകുതിയിൽ 1.5 ബില്യൺ ഡോളറാണ് ശ്രീലങ്ക ടൂറിസം മേഖലയിൽ നിന്ന് കൊയ്‌തത്. കഴിഞ്ഞ വർഷം 875 മില്യൺ ഡോളറായിരുന്നു ഇതേസമയം നേടിയതെന്നാണ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരമുള്ള വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |