തിരുവനന്തപുരം: വിവാദങ്ങളാണ് മാദ്ധ്യമശൈലിയെന്ന് വാഴ്ത്തപ്പെടുമ്പോഴും വികസനത്തെ മുഖമുദ്രയാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു.
113-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി സംഘടിപ്പിച്ച ഫ്രണ്ട് റണ്ണേഴ്സ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലരെ കാണുന്നതുപോലും അയിത്തമെന്ന് പറഞ്ഞിരുന്ന നാടിന് നവോത്ഥാനത്തിന്റെ പുതുയുഗം കിട്ടിയതിനുപിന്നിൽ കേരളകൗമുദിയുടെ അത്യദ്ധ്വാനമുണ്ട്.
യൂറോപ്യൻ നാടോടിക്കഥയിൽ പറയുന്നതുപോലെ, തണുപ്പുകാലത്തെ ഒന്നിച്ചിരുന്ന് നേരിട്ടിരുന്ന മുള്ളൻപന്നികളിൽ ഒരെണ്ണം ഇളകിയാൽ മറ്റുള്ളവർക്ക് മുള്ളുകൊണ്ട് വേദനിക്കുമായിരുന്നു. അതിന്റെ പേരിൽ കലഹിച്ച് വേറിട്ടവർക്ക് തണുപ്പുകാലത്തെ അതിജീവിക്കാനാകാതെ ജീവൻപോയി. ഒറ്റയ്ക്ക് നിന്ന് മരിക്കുന്നതിനെക്കാൾനല്ലതാണ് ചെറിയ വേദന സഹിച്ച് ഒരുമിച്ചുനിൽക്കുന്നതെന്ന് സമൂഹത്തെ ഓർമ്മപ്പെടുത്തിയത് കേരളകൗമുദിയാണ്. സമൂഹം ഒന്നിച്ചുനിൽക്കണമെന്ന കേരള കൗമുദി നിലപാടിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ യാറിബ ഗോത്രകഥയിൽ സത്യവും അസത്യവും സഹോദരങ്ങളാണ്. സത്യം നദിയിലിറങ്ങിയപ്പോൾ സത്യത്തിന്റെ കുപ്പായമണിഞ്ഞ് നാടിനെ പറ്റിച്ചു അസത്യം. ചത്താലും അസത്യത്തിന്റെ കുപ്പായമണിയില്ലെന്ന് നിലപാടെടുത്ത് നഗ്നനായി നാട്ടിലെത്തിയ സത്യത്തെ തിരിച്ചറിയാതെ ജനങ്ങൾ അപഹസിച്ചു. അതാണ് നഗ്നസത്യം. സത്യത്തെയും അസത്യത്തെയും വേർതിരിച്ചറിയാൻ അത്തരം സന്ദർഭങ്ങളിൽ അക്ഷരദീപമായി നിലകൊണ്ട പ്രസ്ഥാനമാണ് കേരളകൗമുദിയെന്ന് ഗവർണർ പറഞ്ഞു.
വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കുകയും വികസനത്തിന് മാതൃകയാകുകയും ചെയ്ത 14 പ്രമുഖരെ ആനന്ദബോസ് ആദരിച്ചു. ചീഫ് എഡിറ്റർ ദീപുരവി കേരളകൗമുദിയുടെ ഉപഹാരം ആനന്ദബോസിന് നൽകി.
ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ ചീഫ് എഡിറ്റർ ദീപുരവി മുഖ്യപ്രഭാഷണം നടത്തി. അഴിമതിയുള്ളകാലത്തോളം അതിനെതിരെ സന്ധിയില്ലാത്ത പോരാട്ടം കേരളകൗമുദി തുടരുമെന്നും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ നിലപാട് കേരളകൗമുദിയുടെ അടിത്തറയാണെന്നും ചീഫ് എഡിറ്റർ വ്യക്തമാക്കി. വ്യക്തമായ നിലപാടുകളിൽ ഉറച്ചുനിന്ന് നാടിന് ദിശാബോധം നൽകിയതാണ് കേരളകൗമുദിയെ വ്യത്യസ്തമാക്കുന്നതെന്ന് ആശംസാപ്രസംഗത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് സ്വാഗതവും ചീഫ് മാനേജർ വിമൽകുമാർ നന്ദിയും പറഞ്ഞു.
ഗവർണറുടെ
സർപ്രൈസ് ഗിഫ്റ്റ്
നാടിന് വഴികാട്ടാൻ മാതൃകയായവരെ ആദരിച്ച ചടങ്ങിൽ, അവർക്കെല്ലാം സർപ്രൈസ് ഗിഫ്റ്റ് പ്രഖ്യാപിച്ച് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വിസ്മയിപ്പിച്ചു. പതിനായിരം രൂപയും സ്ക്രോൾ ഓഫ് ഓണറും നൽകുമെന്ന് ഗവർണർ പ്രഖ്യാപിച്ചത് കൈയടികളോടെയാണ് സദസ് എതിരേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |