ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ശ്വേത മേനോൻ. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും തനിക്കും അനധികൃത വിലക്ക് ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതുമൂലം കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ നഷ്ടമായതായും താരം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'റിപ്പോർട്ട് വന്നതിൽ വളരെ സന്തോഷമുണ്ട്. കുറച്ച് ലേറ്റ് ആയെന്നാണ് ഞാൻ പറയുന്നത്. സ്ത്രീകൾക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ടെന്ന് കുറേ വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ്. ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നിൽക്കാൻ പോണില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പുറത്തും വരുന്നില്ല. ആണുങ്ങളെല്ലാം പിന്നെയാണ്. സ്ത്രീകൾ തന്നെ സ്ത്രീകളെ സപ്പോർട്ട് ചെയ്താൽ കുറേപ്പേർ പുറത്തുവരും. ഇപ്പോൾ കുറച്ചുപേർ പുറത്തുവരുന്നത് നല്ലൊരു മാറ്റമാണ്.
ഒരു പത്ത് പന്ത്രണ്ട് കേസ് ഞാൻ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഞാൻ എപ്പോഴും പ്രതികരിക്കുന്ന ആളായതുകൊണ്ട് എനിക്കിതൊന്ന് പുതുമയായി തോന്നുന്നില്ല. നോ പറയേണ്ട സമയത്ത് നോ പറയണം എന്നു വിശ്വസിക്കുന്ന ആളാണ്. നോ പറയാത്തതിന്റെ പ്രശ്നമാണ്. പിന്നെ എല്ലാവരുടെയും സാഹചര്യമൊന്നും അറിയില്ല.
എനിക്ക് എന്നെപ്പറ്റി മാത്രമേ പറയാൻ പറ്റുള്ളൂ. പ്രതിഫലം സമയത്ത് കിട്ടാത്തതുൾപ്പടെ സ്ത്രീകളുടെ നിരവധി പ്രശ്നങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ബോളിവുഡിൽ കുറേക്കാര്യങ്ങൾ കണ്ടതുകൊണ്ട്, ഇവിടെ ഞാൻ ചോദിച്ചു. എനിക്ക് കിട്ടി.
കാസ്റ്റിംഗ് കൗച്ച് ഒന്നും ഞാൻ അനുഭവിച്ചിട്ടില്ല. ഞാൻ അമ്മയുടെ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ വരണമെന്ന് പറയാറുണ്ട്. പക്ഷേ ആരും വരാറില്ല. സിനിമ കിട്ടാതെ പോകാറുണ്ട്.
അനധികൃതമായ വിലക്ക് എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ ഒൻപത് കരാറുകൾ ഒപ്പിട്ടു, പക്ഷേ സിനിമകളൊന്നും നടന്നില്ല. എനിക്ക് വരാനുള്ള കാര്യം വരുമെന്ന് കരുതുന്നു. പവർ ഗ്രൂപ്പുണ്ട്. അതിൽ ആണുങ്ങൾ മാത്രമല്ലല്ലോ, പെണ്ണുങ്ങളുമുണ്ടാകും.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |