തിരുവനന്തപുരം : ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. രഞ്ജിത്ത് ഉടൻ തന്നെ രാജി വയ്ക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ എഫ്.ഐ.ആർ ഇട്ട് കേസെടുക്കണം. ഇടത് ആഭിമുഖ്യമുള്ള, പിണറായിയെ പുകഴ്‌ത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം കൈക്കൊള്ളുന്നത് എന്ന് ഫിറോസ് ആരോപിച്ചു. സ്ത്രീ പീഡകർക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്‌ത്തി വച്ചത് സർക്കാരിന്റെ ഭാഗമായ സിനിമാക്കാരുടെ താത്പര്യം കൊണ്ടാണെന്നും ഫിറോസ് പറഞ്ഞു.
അതേസമയം രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കട്ടെ എന്ന് നടനും എം.എൽ.എയുമായ എം.മുകേഷ് പറഞ്ഞു. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നവർ കേസ് ഇല്ലെന്ന് പറയുകയാണെങ്കിൽ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു.അമ്മ സംഘടനയിലെ കാര്യങ്ങൾ അതിന്റെ ഭാരവാഹികൾ പറയും. താൻ ഇപ്പോൾ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റി അവർ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാർഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങൾ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |