തിരുവനന്തപുരം; ചോദ്യം 1. യജ്ഞം എന്നാൽ അർത്ഥമെന്ത് ? .
സാക്ഷരതാമിഷന്റെ ഏഴാംതരം തുല്യതാപരീക്ഷയുടെ മലയാളം ചോദ്യക്കടലാസിലെ ഒന്നാമത്തെ ചോദ്യം. നടൻ ഇന്ദ്രൻസിന് സംശയമൊന്നും തോന്നിയില്ല. മൂന്ന് ഓപ്‌ഷനുകളിൽ പരിശ്രമം എന്നത് ഉത്തരക്കടലാസിൽ പകർത്തി. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് പ്രഖ്യാപിച്ചതാരെന്ന രണ്ടാമത്തെ ചോദ്യത്തിനും ശരിയുത്തരം. 68 -ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷയ്‌ക്ക് എത്തിയതാണ് ഇന്ദ്രൻസ്. ചോദ്യങ്ങൾ 'ഈസി'. ഇന്ദ്രൻസ് ഹാപ്പി.
അട്ടക്കുളങ്ങര സ്കൂളിൽ ഭാഷാ പരീക്ഷകളാണ് ഇന്ദ്രൻസ് ഇന്നലെ എഴുതിയത്. മലയാളവും ഇംഗ്ലീഷും പ്രയാസമില്ലാതെഎഴുതി. ഹിന്ദി അല്പം വലച്ചെന്ന് ഇന്ദ്രൻസ്. പല വാക്കുകളും വായിക്കാൻ പാടുപെട്ടു. കൂട്ടക്ഷരങ്ങളായിരുന്നു പ്രയാസം.
ചോദ്യപ്പേപ്പറിൽ നോക്കിയിരുന്ന ഇന്ദ്രൻസിന് ഡ്യൂട്ടി അദ്ധ്യാപകൻ ചോദ്യം വായിച്ചുകൊടുത്തു.അതോടെ പരീക്ഷ നന്നായി എഴുതി.
''എല്ലാ ആഴ്ചയും തുല്യതാ ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്കിൽ ക്‌ളാസുകളിൽ പങ്കെടുക്കാൻ പറ്റിയില്ല. ചെറിയ സമയം മാത്രമേ പഠിക്കാൻ കിട്ടിയുള്ളൂ. വീട്ടുകാർ പഠിപ്പിച്ച ആത്മവിശ്വാസത്തിലാണ് പരീക്ഷയ്‌ക്കെത്തിയത്. മൂന്ന് പരീക്ഷകൂടി ഉണ്ട്. തീരുന്നതുവരെ നെഞ്ചിൽ പടപടപ്പാണ് ''- ഇന്ദ്രൻസ് 'കേരളകൗമുദിയോട് ' ചിരിയോടെ പറഞ്ഞു.
ഇന്ദ്രൻസിനെക്കുറിച്ച് പ്രതീക്ഷയാണ് അദ്ധ്യാപകർക്ക് . ''ഒരുപാട് വായനയും അറിവുമുള്ള ആളാണ് ഇന്ദ്രൻസ് സാർ. അദ്ദേഹത്തെക്കുറിച്ച് ആശങ്കയേയില്ല ''- പ്രേരക് വിജയലക്ഷ്മി പറഞ്ഞു.
ഇന്ന് സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം എന്നിവ കൂടി കഴിയുന്നതോടെ ഏഴാം തരം തുല്യതാ പരീക്ഷ അവസാനിക്കും. അടുത്ത വർഷം ഇന്ദ്രൻസിന് പത്താം ക്ലാസ് പരീക്ഷ എഴുതാം.
നാലാം ക്ലാസിൽ പഠനം നിർത്തിയ ഇന്ദ്രൻസ് നടനായ ശേഷമാണ് പത്താം ക്‌ളാസ് ജയിക്കണമെന്ന് ആഗ്രഹമുണ്ടായത്. വീട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് തുല്യതാ കോഴ്‌സിന് അപേക്ഷിച്ചത്. സംസ്ഥാനത്ത് 3161 പേരാണ് ഏഴാംതരം തുല്യതാ പരീക്ഷ എഴുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |