കോലഞ്ചേരി: കടകളിൽ നിന്ന് വാഴപ്പഴം വാങ്ങുമ്പോൾ വില ചോദിച്ചു വാങ്ങുക. വില കേട്ട് ഞെട്ടി വീഴാതിരിക്കാനാണിത്. ഞാലിപ്പൂവൻ 100 കടന്നപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം വില കയറിയത് പൂവനും പാളയം കോടനും ചുണ്ടില്ലാക്കണ്ണനുമാണ്.
പൂവൻ 80ലും പാളയം കോടൻ 60ലും ചുണ്ടില്ലാക്കണ്ണൻ 50നുമാണ് ചില്ലറ വില്പന. നേന്ത്രനും പിന്നിലല്ല, വില 90 - 95 ലെത്തി. കഴിഞ്ഞ വർഷം ഈ സമയത്ത് 60 രൂപയായിരുന്നു. ഞാലിയുടെ വില വ്യാപക രോഗബാധയും ഞാലിവാഴയെ ബാധിക്കുന്നുണ്ട്. ഈ വിധത്തിലും കാര്യമായ കൃഷിനാശമുണ്ടായി. ഞാലിക്കു പിന്നാലെ നേന്ത്രനും വില ഉയരുന്നത് ആശ്വാസകരമെന്ന് കർഷകർ പറയുന്നു.
ഇന്നലെ കോലഞ്ചേരിയിലെ സ്വശ്രായ വിപണിയിൽ നടന്ന ലേലത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം തിരക്കും മത്സരിച്ചുള്ള ലേലം വിളിയുമായിരുന്നു. നേന്ത്രൻ കിലോ 80നു വരെ ലേലമെടുക്കാൻ മത്സരമായിരുന്നു.
കാല വർഷക്കെടുതി തന്ന പണി
കാലവർഷക്കെടുതിയിൽ വാഴകൃഷിക്കുണ്ടായ നാശമാണ് വില ഉയരാൻ ഒരു കാരണം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം മൂന്നിലൊന്ന് വാഴക്കൃഷി നശിച്ചു. വരൾച്ച, കാറ്റ് എന്നിവ മൂലമായിരുന്നു കൃഷി നാശം. ഉത്പാദനം കാര്യമായി കുറഞ്ഞതോടെ ഞാലിപ്പൂവന് അവിടെയും റെക്കാഡ് വിലയായി. ഇനിയും വില ഉയരുമെന്ന സൂചനയാണ് വിപണിയിൽ.
ഓണക്കാലത്തും കൂടും
കേരളത്തിൽ ഓണക്കാലവും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങളുമടുത്തതോടെ പഴത്തിന് ആവശ്യക്കാരും ഒപ്പം വിലയും ഉയരും. കർണാടകയിൽ ചാമരാജ് നഗർ, മൈസുരു ജില്ലകളിലും തമിഴ്‌നാട്ടിലെ താൾവാടി, മേട്ടുപ്പാളയം, തഞ്ചാവൂർ എന്നിവിടങ്ങളിലുമാണ് മുഖ്യമായി വാഴക്കൃഷി. വർഷാരംഭത്തിലുണ്ടായ ശക്തമായ വരൾച്ചയായിരുന്നു ആദ്യപ്രതിസന്ധി. കുഴൽക്കിണറുകൾ വറ്റിയതോടെ ജലസേചനം മുടങ്ങി. അവശേഷിച്ച വാഴയുടെ നല്ലൊരുപങ്കും കാലവർഷാരംഭത്തിലെ കൊടുങ്കാറ്റിലും വീണടിഞ്ഞു. ഒട്ടേറെ മലയാളി പാട്ടക്കർഷകർക്ക് കാര്യമായ നഷ്ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |