തിരുവനന്തപുരം: മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസാം സ്വദേശിയായ പതിമൂന്നുകാരിയെ ഇന്നലെ രാത്രി പത്തരയോടെ തലസ്ഥാനത്ത് എത്തിച്ചു. കേരള എക്സ്‌പ്രസിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിച്ച കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഷാനിബാ ബീഗത്തിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. രാത്രിയായതിനാൽ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.
കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് അവധിയാണെങ്കിലും സി.ഡബ്ലിയു.സി സ്‌പെഷ്യൽ സിറ്റിംഗ് നടത്തും. കുട്ടിയുടെ പിതാവ് അൻവർ ഹുസൈൻ, അമ്മ പർവിൻ ബീഗം എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. കുട്ടിയുടെ അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കുമെന്ന് ഷാനിബാബീഗം പറഞ്ഞു. കുട്ടിക്ക് മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോയെന്നും അന്വേഷിക്കും.
വിശാഖപട്ടണത്തെ സി.ഡബ്ലൂ.സിയുടെ ഒബ്‌സർവേഷൻ ഹോമിലായിരുന്ന കുട്ടിയെ മലയാളി സമാജം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ശനിയാഴ്ചയാണ് കേരള പൊലീസിന് കൈമാറിയത്. കഴക്കൂട്ടം എസ്.ഐ വി.എസ്. രഞ്ജിത്ത്, വനിതാപൊലീസുകാരായ ശീതൾ, ചിന്നു, പൊലീസ് ഉദ്യോഗസ്ഥൻ റെജി എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയുമായി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |