ലക്‌നൗ: മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ദളിത്,ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരുണ്ടായിട്ടില്ലെന്ന് രാഹുൽ ഗാന്ധി. പിന്നാലെ രാഹുലിന്റേത് 'ബാല ബുദ്ധി' എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കുട്ടിത്തംനിറഞ്ഞ പെരുമാറ്റം ചിലപ്പോൾ നല്ല വിനോദമായിരിക്കാം. എന്നാൽ പിന്നാക്കവിഭാഗക്കാരെ മുൻനിറുത്തിയുള്ള തമാശ വേണ്ടെന്നും റിജിജു പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ജാതി സെൻസസ് ആവശ്യപ്പെട്ട് നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശം.
'90 ശതമാനം' ജനസംഖ്യയുടെ പങ്കാളിത്തമില്ലാതെ ഇന്ത്യക്ക് നന്നായി പ്രവർത്തിക്കാൻ കഴിയില്ല. ജാതി സെൻസസ് വേണം.
മിസ് ഇന്ത്യ പട്ടിക പരിശോധിച്ചു. അതിൽ ദളിതർ,ആദിവാസികൾ,ഒ.ബി.സി,മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവയിൽ നിന്നുള്ളവർ ഇല്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നു, ചിലർ ബോളിവുഡിനെക്കുറിച്ചും. എന്നാൽ,ചെരുപ്പുകുത്തിയേക്കുറിച്ചോ പ്ലംബറെക്കുറിച്ചോ ആരും സംസാരിക്കുന്നില്ല. മാദ്ധ്യമങ്ങളിലെ അവതാരകരിൽ മുൻനിരയിലുള്ളവർതന്നെ ഈ 90 ശതമാനത്തിൽ നിന്നുള്ളവരല്ല. 90 ശതമാനത്തോളം വരുന്ന ഈ ജനവിഭാഗങ്ങളിൽനിന്ന് എത്രപേരാണ് വിവിധ സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും സിനിമാ മേഖലയിലും മിസ് ഇന്ത്യ പോലുള്ള മത്സരങ്ങളിലും പങ്കാളികളാകുന്നതെന്ന് അറിയേണ്ടതുണ്ട്. ഈ 90 ശതമാനത്തിന് ഇതിലൊന്നും ഭാഗമാകാനാകുന്നില്ല. ഇക്കാര്യം പരിശോധിക്കപ്പെടണം. ജാതി സെൻസസ് എന്ന ആവശ്യം രാജ്യത്തെ വിഭജിക്കാനാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞേക്കാമെന്നും രാഹുൽ പ്രതികരിച്ചു.
ഇതിനെതിരെയാണ് കിരൺ റിജിജു രംഗത്തെത്തിയത്. 'ഇപ്പോൾ മിസ് ഇന്ത്യ മത്സരത്തിലും സിനിമയിലും കായികമത്സരത്തിലുമൊക്കെ സംവരണം വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രസ്താവനകൾ 'ബാല ബുദ്ധി'യുടെ പ്രശ്നം മാത്രമല്ല. അദ്ദേഹത്തിനായി ജയ് വിളിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കുട്ടിത്തം നിറഞ്ഞ ഇത്തരം പെരുമാറ്റം ചിലപ്പോൾ നല്ലൊരു വിനോദമായിരിക്കാം. എന്നാൽ പിന്നാക്കവിഭാഗക്കാരെ മുൻനിറുത്തിയുള്ള തമാശ വേണ്ട.
സർക്കാരല്ല ഒളിമ്പിക്സിലേക്കും സിനിമയിലേക്കും ആളുകളെ തിരഞ്ഞെടുക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയെയും ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രധാനമന്ത്രിയെയും എസ്.സി,എസ്.ടി വിഭാഗങ്ങളിൽനിന്നുള്ള മന്ത്രിമാരെയും അദ്ദേഹം കാണുന്നില്ലെന്നും റിജിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |