ആലപ്പുഴ : കായല്‍സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കിടയില്‍ ജലഗതാഗതവകുപ്പിന്റെ വാട്ടര്‍ ടാക്സി സര്‍വീസ് ഹിറ്റാകുന്നു. പരീക്ഷണാര്‍ത്ഥം തുടങ്ങിയ വാട്ടര്‍ ടാക്സിയില്‍ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്.
സ്വകാര്യ ഏജന്‍സികള്‍ ഒരാള്‍ക്ക് 200 മുതല്‍ 250രൂപ വരെ ഈടാക്കുമ്പോള്‍ 100 രൂപയാണ് ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സിയിലെ നിരക്ക്. പാതിരാമണലിലെ ഉള്‍കാഴ്ച്ചകള്‍ കാണാനും അവസരം ഒരുക്കിയാണ് യാത്ര. ഒരു തവണ 10 മുതല്‍ 15 പേരെ വരെ വഹിക്കുന്നതാണ് വാട്ടര്‍ ടാക്‌സി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനില്‍ നിന്നും എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെയാണ് സര്‍വീസ്.
കുറഞ്ഞചെലവില്‍ ആവോളം ആസ്വദിക്കാം
ഹൗസ് ബോട്ട്, ശിക്കാര, സ്പീഡ് ബോട്ടുകള്‍ക്ക് വലിയ നിരക്ക് വാങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിരക്കിലാണ് വാട്ടര്‍ ടാക്സി സര്‍വീസ്. ഇപ്പോള്‍ ഒരു വാട്ടര്‍ ടാക്‌സിയാണുള്ളത്. വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ കൂടുതല്‍ വാട്ടര്‍ ടാക്‌സികള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. അവധി ദിവസങ്ങളില്‍ 14,000രൂപയും മറ്റ് ദിവസങ്ങളില്‍ ശരാശരി 8,500 മുതല്‍ 9,000രൂപയാണ് വാട്ടര്‍ ടാക്‌സിയില്‍ നിന്നുള്ള ദിവസ വരുമാനം.
ജലഗതാഗത വകുപ്പിന്റെ നിരക്ക്: 100 രൂപ (ഒരാള്‍ക്ക്)
സ്വകാര്യമേഖലയിലെ നിരക്ക് : 200 മുതല്‍ 250രൂപ വരെ (ഒരാള്‍ക്ക്)
ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനില്‍ വാട്ടര്‍ ടാക്സിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു വാട്ടര്‍ ടാക്സി കൂടി ലഭിക്കുന്നതിന് ജല ഗതാഗത വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
- ഷാനവാസ് ഖാന്‍, സ്റ്റേഷന്‍ മാസ്റ്റര്‍, മുഹമ്മ
കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാഴ്ച്ചകള്‍ കണ്ട് മടങ്ങാവുന്ന വാട്ടര്‍ ടാക്സി സര്‍വീസ് വിനോദ സഞ്ചാരികള്‍ പ്രയോജനപ്പെടുത്തണം.
- സി.ടി.ആദര്‍ശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സ്രാങ്ക് അസോസിയേഷന്‍
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |