# കതക് ചിവിട്ടിപ്പൊളിച്ചു, എട്ട് പവൻ കവർന്നു
കായംകുളം : രാത്രിയിൽ വീടിന്റെ കതക് ചവിട്ടിത്തുറന്ന് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിച്ചശേഷം എട്ട് പവൻ ആഭരങ്ങൾ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളിയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാഭവനിൽ ധനേഷാണ് (29) അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കനകക്കുന്ന് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കിളിമുക്കിൽ താസിക്കുന്ന എഴുപതുകാരിയായ വിധവയാണ് ക്രൂരപീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ പ്രദേശത്താണ് വീട്. രാത്രി പത്തുമണിവരെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി, വാതിലിൽ മുട്ടുകയും തുറക്കാതെ വന്നതോടെ കതക് ചിവിട്ടിപ്പൊളിച്ച് അകത്ത് കയറുകയുമായിരുന്നു. വൃദ്ധ അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല. വൃദ്ധയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പന്ത്രണ്ട് മണിയോടെ, വൃദ്ധ ധരിച്ചിരുന്ന എട്ട് പവനോളം വരുന്ന മാല, മൂന്ന് വളകൾ, കമ്മൽ എന്നിവ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഊരി വാങ്ങിയശേഷം മുറിയുടെ വാതിൽ പൂട്ടി രക്ഷപ്പെടുകയായിരുന്നു. രാത്രി മുഴുവൻ അലറി വിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല.
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ തൊട്ടടുത്ത പറമ്പിൽ പശുവിനെ തീറ്റാനെത്തിയ യുവാവിനെ വിളിച്ച് കാര്യം പറഞ്ഞതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധ സുഖം പ്രാപിച്ചുവരുന്നു.
ഞായറാഴ്ച രാവിലെ പ്രതി ധനേഷ് തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണം പണയം വയ്ക്കാനെത്തി. ധനേഷിന്റെ ക്രിമിനൽ പശ്ചാത്തലം അറിയാവുന്ന കടക്കാരൻ അമ്മയെ ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ, അത് മോഷണ സ്വർണ്ണമാകാമെന്നായിരുന്നു മറുപടി. ഇക്കാര്യം അറിഞ്ഞ പൊലീസ് വീട്ടിലെത്തിയതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. വിധവയായ വൃദ്ധയ്ക്ക് രണ്ട് മക്കളുണ്ടങ്കിലും അവർ ദൂരസ്ഥലത്താണ് താമസം.
ആവർത്തിച്ച അക്രമം
പ്രതിയിലെത്തിച്ചു
രണ്ട് വർഷം മുമ്പ് പുല്ലുകുളങ്ങര ക്ഷേത്രോത്സവ സമയത്ത് കനകക്കുന്ന് പൊലീസിന്റെ ജീപ്പ് അടിച്ച് തകർത്ത കേസും മോഷണവും അടിപിടിയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ധനേഷ്. ലഹരിക്ക് അടിമയായ ധനേഷ് വർഷങ്ങൾക്ക് മുമ്പ് അയൽവാസിയായ മറ്റൊരു വൃദ്ധയ്ക്ക് നേരെ ഇത്തരത്തിൽ ആക്രമണം നടത്തുകയും വീടിന്റെ വാതിൽ ചിവിട്ടിപ്പൊളിച്ച് അകത്തു കയറി മുളകുപൊടി എറിയുകയും ചെയ്തിരുന്നു. എന്നാൽ വൃദ്ധ ഉറക്കെ ബഹളം വച്ചതിനെത്തുടർന്ന് ഇയാൾ രക്ഷപ്പെട്ടു. ഈ സംഭവമാണ് പ്രതിയിലേക്ക് വേഗം എത്തിച്ചേരാൻ പൊലീസിനെ സഹായിച്ചത്. മോഷണ ശ്രമത്തിനിടയിൽ അയൽപക്കത്തുള്ള നായയെ കുത്തിക്കൊന്ന സംഭവത്തിലും ഇയാൾക്കെതിരെ പരാതിയുണ്ട്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |