കോഴിക്കോട്: ഓണമിങ്ങെത്തി. ഭക്ഷണസാധനങ്ങളുടെ സുരക്ഷയുറപ്പിക്കാൻ പ്രത്യേക ഡ്രൈവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. നിരീക്ഷണങ്ങൾക്കും പരിശോധനയ്ക്കുമായി ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ, ഓഫീസ് അസിസ്റ്റന്റ്, ക്ലർക്ക് എന്നിവരടങ്ങുന്ന അഞ്ച് സ്‌ക്വാഡുകൾ രംഗത്തുണ്ടാകും. ജില്ലയിലെ 13 സർക്കിളുകളിലുമായി സെപ്തംബർ ആദ്യവാരം മുതൽ ഡ്രൈവുകൾ ആരംഭിക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കും.
ഉത്സവകാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്താനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തുന്നത്.
പ്രത്യേക പരിശോധന ഇവിടങ്ങളിൽ
വിൽപ്പന കൂടുന്ന വെളിച്ചെണ്ണ, നെയ്യ്, ശർക്കര, പപ്പടം, പായസ കിറ്റുകൾ, പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിക്കും. മാർക്കറ്റ് വിലയേക്കാൾ വളരെ വിലക്കുറവിൽ വിപണിയിൽ ഇവ ലഭ്യമാകാൻ സാദ്ധ്യത കൂടുതലാണ്. മാത്രമല്ല ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവടസാധനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പരിശോധന നടക്കും. ഉത്സവകാലമായതിനാൽ വഴിയോരങ്ങളിൽ പായസവിൽപ്പനയും ജ്യൂസ് കടകളും മറ്റും സജീവമാകാൻ സാദ്ധ്യതയുണ്ട്. ഇവിടങ്ങളിലും പരിശോധന നടത്തും. ഗുണനിലവാരമില്ലാതെ വിൽപ്പന നടക്കുന്നതായോ ശ്രദ്ധയിൽപെട്ടാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കണം.
സൂക്ഷിക്കാം, പാലിനേയും
ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന പാലിലും മായം കലർന്ന് വിപണിയിലെത്താം. തമിഴ്‌നാട്ടിൽ നിന്നും മറ്റും ഗുണനിലവാരമില്ലാത്ത പല ബ്രാൻഡുകളിൽ നിന്നും ഇവ എത്താൻ സാദ്ധ്യതയുണ്ട്. മിൽമയുടേതിന് സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷൻ കൂടുതലായതിനാൽ വ്യാപാരികൾക്കും ഇവ താത്പര്യമാണ്. യൂറിയ, ഹൈഡ്രജൻ പൊറോക്‌സൈഡ് തുടങ്ങിയ രാസപദാർഥങ്ങളും കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്‌സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും ഇതിൽ കലർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
പിഴ ഇത്തരത്തിൽ
സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകൾ വിതരണത്തിനായി എത്തിക്കുക, മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഭക്ഷണ സാധനങ്ങൾ നൽകുക, ശുചിത്വ നിലവാരമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുക, കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ലംഘനങ്ങൾക്ക് നിയമ നടപടികൾ കൈക്കൊള്ളും.
''ഓണക്കാല പരിശോധനകളിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്ക് കർശന നിയമ നടപടികൾ കൈക്കൊള്ളും''
എ. സക്കീർ ഹുസൈൻ,
ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |