കൊച്ചി: സഹപ്രവർത്തകരായ നടന്മാർക്കെതിരെ ആരോപണങ്ങളുണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണം. അന്വേഷണത്തിനൊടുവിൽ മാതൃകാപരമായ ശിക്ഷയുമുണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിനൊടുവിൽ ആരോപണവിധേയർ കുറ്റക്കാരല്ലെങ്കിൽ അതിന് കാരണക്കാരാകുന്നവരേയും ശിക്ഷിക്കണമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. അമ്മ സംഘടനയ്‌ക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടലൊന്നുമുണ്ടായിട്ടില്ല. ആ കമ്മിറ്റി രൂപീകരിച്ച സമയത്തുതന്നെ മൊഴി കൊടുത്തയാളാണ് താൻ. അമ്മയുടെ തലപ്പത്ത് വനിതാ പ്രാതിനിധ്യമുണ്ടാകണമെന്നും പൃഥ്വിരാജ് പ്രതികരിച്ചു. വളരെ ഗൗരവത്തിൽ തന്നെ കമ്മിഷൻ റിപ്പോർട്ട് അന്വേഷിക്കണം. ഇരകളുടെ പേര് പുറത്തുവിടാൻ നമ്മുടെ നിയമവ്യവസ്ഥിതി അനുവദിക്കുന്നില്ല. ആരോപണവിധേയരുടെ പേര് പുറത്തുവിടണോ വേണ്ടയോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്. എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന് പറഞ്ഞ് മാറി നിന്നാൽ തീരുന്നതല്ല എന്റെ ഉത്തരവാദിത്തം. പവർഗ്രൂപ്പ് ഇല്ല എന്ന് താൻ അവകാശപ്പെടുന്നില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ഡബ്ള്യു.സി.സിയിലേയും അമ്മയിലേയും അംഗങ്ങൾ ഒരുമിച്ചു പ്രവർത്തിക്കണം. ഭാവിയിൽ അത് സംഭവിക്കട്ടെയെന്ന് പ്രത്യാശിക്കുകയാണ്. പാർവതി തിരുവോത്തിന് മുമ്പ് സിനിമയിൽ നിന്നും വിലക്കപ്പെട്ടയാളാണ് താൻ. നിരോധനമല്ല, ബഹിഷ്‌കരണമാണ് നടന്നത്. സംഘടിതമായി ഒരാളുടെ തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ എതിർക്കുക തന്നെ വേണമെന്നും പൃഥ്വിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |