വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഒഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബാങ്കിൽ നടത്തിയ പരിശോധനയിലാണിത്. വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രതിയായ മുൻ മാനേജർ കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി മധാ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ ആറ് കിലോ സ്വർണം തമിഴ്‌നാട് തിരുപൂരിലെ ഡി.ബി.എസ് ബാങ്കിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്വർണം പണയം വയ്ക്കാൻ പ്രതിയെ സഹായിച്ച ബാങ്കിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി കാർത്തികിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരുപ്പൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയിൽ 20 ബിനാമി അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി പണം പിൻവലിച്ചത്. കാർത്തികിന്റെ സഹായത്തോടെ പലരുടെയും പേരിലാണ് ബാങ്കിൽ സ്വർണം പണയപ്പെടുത്തിയിരുന്നത്. സ്വർണം പണയം വച്ച തുകകൾ എത്തിയത് പ്രതിയായ മധാ ജയകുമാറിന്റെ അക്കൗണ്ടുകളിലേക്കും. പ്രതിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. സ്വർണം കണ്ടെത്താൻ തമിഴ്നാട്ടിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വടകരയിൽ തിരിച്ചെത്തി. കണ്ടെടുത്ത സ്വർണം വടകര ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |