കോഴിക്കോട്: 'കാശു തരുന്നത് അഡ്ജസ്റ്റുമെന്റിന് തയ്യാറാവാനാണ്, അഡ്ജസ്റ്റുമെന്റില്ലെങ്കിൽ റോളുമില്ല, കാശുമില്ല." ഒരു പ്രൊഡ്യൂസർക്കെതിരെ കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ. അമൃതയുടെ വെളിപ്പെടുത്തലാണിത്. 2023ലാണ് അമൃതയുടെ പരാതിയ്ക്കിടയായ സംഭവം. കുഞ്ചാക്കോ ബോബനും ടൊവീനോയും അപർണ ബാലമുരളിയും അഭിനയിക്കുന്ന സിനിമയിൽ അപർണയുടെ സുഹൃത്തിന്റെ വേഷമാണെന്ന് പറഞ്ഞ് വിളിച്ച പ്രൊഡ്യൂസർ ഷൈജുവാണ് ഇങ്ങനെ സംസാരിച്ചതെന്നാണ് മൊഴി.
സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ. പ്രദീപും സംഘവും വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. അമൃത പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുഭാഷ് ബാബുവിന് റിപ്പോർട്ട് നൽകിയതായും പരാതി എഴുതി നൽകിയാൽ എഫ്.ഐ.ആർ ഇടുമെന്നും എസ്.ഐ പറഞ്ഞു.
അമൃത പറയുന്നത് ഇങ്ങനെ: ' ജേർണലിസം ചെയ്ത് ഒരു ചാനലിൽ ജോലി ചെയ്യുന്നതിനിടെയാണ് സിനിമാമോഹം കലശലായത്. നാട്ടിലെ ഒരു സുഹൃത്തുവഴി നാല് സിനിമകളിൽ വർക്ക് ചെയ്തു. അതുകഴിഞ്ഞാണ് ഒരു ദിവസം ഷൈജുവെന്ന് പരിചയപ്പെടുത്തിയുള്ള പ്രഡ്യൂസറുടെ വിളി. 2,40,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. അതിൽ 50,000 അഡ്വൻസ് നൽകും. പക്ഷേ, അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാവണം. എന്ത് അഡ്ജസ്റ്റുമെന്റാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ സംവിധായകൻ വിളിച്ചാൽ മുറിയിലേക്ക് ചെല്ലണം. 'എന്നാൽ അഡ്ജസ്റ്റുമെന്റിനാണ് ശമ്പളമെങ്കിൽ അതൊഴിവാക്കി പണമില്ലാതെ അഭിനയിക്കാമെന്ന് ഞാൻ പറഞ്ഞു." ഒരു പണവുമില്ലാതെ അഡ്ജസ്റ്റുമെന്റിനും അഭിനയത്തിനും റെഡിയായി ഇവിടെ ആളുണ്ടെന്ന് അയാളുടെ മറുപടി. ഇതുസംബന്ധിച്ച് എവിടെയും പരാതി നൽകാൻ ഒരുക്കമാണ്. സിനിമയെ മാത്രം സ്‌നേഹിച്ചിറങ്ങുന്ന നൂറുകണക്കിന് കലാകാരികൾക്കുവേണ്ടിയാണ് തന്റെയീ തുറന്നുപറച്ചിലെന്നും അമൃത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |