പാലക്കാട്: പി.കെ ശശിക്കെതിരെ സിപിഎം അച്ചടക്ക നടപടിയ്‌ക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം. പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന്ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയും ശശിയ്‌ക്ക് നഷ്‌ടമാകും, ഇനി പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമാകും ശശിക്കുണ്ടാകുക. പാർട്ടി ജില്ലാ കമ്മിറ്റിയംഗമായിരുന്നു ശശി. മുൻ എംഎൽഎയും കെടിഡിസിയുടെ ചെയർമാനുമാണ്.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്നുമുണ്ടാകാൻ പാടില്ലാത്ത സാമ്പത്തിക തിരിമറി, സ്വജനപക്ഷപാതം ഇവയാണ് പി.കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ആരോപണം. പാർട്ടിയിൽ ചർച്ച ചെയ്യാതെയാണ് പി.കെ ശശി പ്രവർത്തിച്ചിരുന്നത്. മണ്ണാർക്കാട് യൂണിവേഴ്‌സൽ സഹകരണ കോളേജിന് പണംപിരിച്ചത് പാർട്ടിയെ പി.കെ ശശി അറിയിച്ചില്ല. മാത്രമല്ല ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. സഹകരണ ബാങ്കിൽ ഇഷ്‌ടക്കാരെ നിയമിച്ചു. പാർട്ടി സ്വാധീനമുള്ള ഇടങ്ങളിൽ വ്യക്തിതാൽപര്യ പ്രകാരം പ്രവർത്തിച്ചു. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പി.കെ ശശിയുടെ താൽപര്യം സംരക്ഷിക്കാൻ പ്രവർത്തിച്ചു. ഏരിയാ സെക്രട്ടറിയടക്കമുള്ളവർക്ക് വീഴ്‌ചയുണ്ടായതായും ജില്ലാ നേതൃത്വം പറയുന്നു. ജില്ലാ കമ്മിറ്റി യോഗം ചേർന്ന് മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |