തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴേ കാൽ മുതൽ ആരംഭിക്കുന്ന പി.എസ്.സി പരീക്ഷയ്ക്ക് സമയത്തിനെത്താൻ കഴിയാതെ ഉദ്യോഗാർത്ഥികൾ വലയുന്നു.
സ്വന്തമായി വാഹനമില്ലാത്ത ഉദ്യോഗാർത്ഥികൾ, ബസിൽ കയറി സ്കൂളിലെത്തുമ്പോൾ പലപ്പോഴും പരീക്ഷ ആരംഭിച്ചു കഴിയും. ഒരു
മിനിറ്റ് വൈകിയാൽ പോലും പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ കഴിയാതെ
ആയിരക്കണക്കിന് പേർക്കാണ് അവസരം നഷ്ടപ്പെടുന്നത്.
ഉദ്യോഗാർത്ഥിയുടെ വീട്ടിൽ നിന്നും മുപ്പതിലധികം കിലോമീറ്റർ വരെ ദൂരത്തിലാണ് പലപ്പോഴും പരീക്ഷാ ഹാൾ അനുവദിക്കുന്നത്. പട്ടണത്തിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂവെന്ന നിലപാട് മാറ്റി, ഉദ്യോഗാർത്ഥിയുടെ വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരത്തിനുള്ളിൽ
ഗ്രാമ പ്രദേശങ്ങളിലും പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്നാണ് ആവശ്യം.
ബസ് സർവീസ്
കുറവ്
കെ.എസ്.ആർ.ടി.സി ഗ്രാമീണ മേഖലയിൽ മുൻപ് നടപ്പാക്കിയിരുന്ന സ്റ്റേ ബസ് സംവിധാനം നിറുത്തിയതോടെ അതിരാവിലെയുള്ള ബസ് സർവീസ് പലയിടത്തുമില്ല. കാറിലോ, ഓട്ടോറിക്ഷയിലോ പോകാനുള്ള സാമ്പത്തിക സാഹചര്യം ബഹുഭൂരിപക്ഷം ഉദ്യോഗാർത്ഥികൾക്കുമില്ല. അതിനാൽ,
പരീക്ഷ തുടങ്ങുന്നതിന് മുൻപ് ഹാളിലെത്താൻ കടുത്ത മാനസിക സമ്മർദ്ദമാണ് ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത്. ചോദ്യങ്ങൾക്ക് ശരിയായ ഉത്തരമെഴുതാൻ കഴിയുന്നില്ല. സാധാരണ പി.എസ്.സി പരീക്ഷകളിൽ 95 ശതമാനം വരെ ഹാജർ ഉണ്ടാകുന്നതാണ് പതിവ്. എന്നാൽ രാവിലെയുള്ള പരീക്ഷകളിൽ 80 ശതമാനമാണ് പലപ്പോഴും ഹാജർനില. അടുത്തിടെ നടന്ന ഖാദി ബോർഡ് എൽ.ഡി.ക്ലാർക്ക്, ലബോറട്ടറി അറ്റൻഡർ മെയിൻ പരീക്ഷകളിൽ ഇതായിരുന്നു അവസ്ഥ.
വ്യവസായ സ്മാർട്ട് സിറ്റിയിൽ
തുല്യപങ്കാളിത്തം: മന്ത്രി രാജീവ്
#1710ഏക്കർ ഭൂമിയേറ്റെടുക്കാൻ
ചെലവഴിച്ചത് 1790കോടി
തിരുവനന്തപുരം :പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചതെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഉടൻ ടെണ്ടർ നടപടികൾ ആരംഭിക്കും.
1790 കോടി രൂപ ചെലവഴിച്ച് പദ്ധതിക്കാവശ്യമായ 1710ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയിൽ ഏറ്റെടുത്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മന്ത്രി രാജീവ് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനെയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൊച്ചി ബംഗളൂരുവ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും 2022ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
കൊച്ചിബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനിയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
പത്താംതരം തുല്യതാ
പരീക്ഷ ഒക്ടോബർ 21 ന്
തിരുവനന്തപുരം: പത്താംതരം തുല്യതാ പരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും. പരീക്ഷാഫീസ് സെപ്തംബർ 11 വരെ പിഴയില്ലാതെയും 12,13 തീയതികളിൽ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കാം. സമയം ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ. അപേക്ഷകൻ നേരിട്ട് ഓൺലൈൻ രജിസ്ട്രേഷനും കൺഫർമേഷനും നടത്തേണ്ടതാണ്. കൺഫർമേഷൻ നൽകിയശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ അതത് കേന്ദ്രങ്ങളിൽ പരീക്ഷാഫീസ് അടയ്ക്കേണ്ടതാണ്. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപ്പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ https:\pareekshabhavan.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |