ടോക്കിയോ : ജപ്പാനിൽ അരിക്ക് ക്ഷാമം. രാജ്യത്ത് അടുത്തിടെ പ്രഖ്യാപിച്ച മെഗാ - ഭൂകമ്പ മുന്നറിയിപ്പ്, ചുഴലിക്കാറ്റുകൾ, അവധികൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ആളുകൾ അരി വാങ്ങി സംഭരിച്ചതാണ് ക്ഷാമത്തിലേക്ക് നയിച്ചത്. സുഷി അടക്കം പല ജാപ്പനീസ് വിഭവങ്ങളിലെയും പ്രധാന ചേരുവ അരിയാണ്. സാധാരണ സംഭരിക്കുന്നതിന്റെ പകുതി മാത്രമേ ഇത്തവണ സംഭരിക്കാൻ കഴിഞ്ഞുള്ളൂ എന്ന് സൂപ്പർമാർക്കറ്റുകൾ പറയുന്നു.
തലസ്ഥാനമായ ടോക്കിയോയിലടക്കം മിക്ക കടകളിലും അരി സ്റ്റോക്ക് തീരുകയോ വിതരണം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ദിവസവും സ്റ്റോക്ക് എത്തിക്കുന്ന കടകളിൽ ഉച്ചയ്ക്ക് മുമ്പ് തന്നെ ഷെൽഫുകൾ കാലിയാകും. കടുത്ത ചൂടും ജലലഭ്യതയിലുണ്ടായ കുറവും ഇത്തവണ കൃഷിയേയും സാരമായി ബാധിച്ചു.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കുത്തനെ ഉയർന്നതും അരി ക്ഷാമത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നു. അരി അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. 1999ന് ശേഷം ആദ്യമായാണ് ജൂൺ മാസത്തിൽ ജപ്പാനിലെ അരി ശേഖരം കുത്തനെ താഴുന്നത്. അരി ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്ന് സർക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |