ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പെൻഷനുള്ള അപേക്ഷകൾ ലളിതമാക്കാൻ ഒൻപത് വ്യത്യസ്‌ത ഫോമുകൾ ലയിപ്പിച്ച ഫോം 6-എ ഭവിഷ്യ, ഇ-എച്ച്.ആർ.എം.എസ് പോർട്ടലുകളിൽ ലഭ്യമാക്കി.
മുതിർന്ന പൗരന്മാരുടെയും പെൻഷൻകാരുടെയും ജീവിതം ലളിതമാക്കാനാണ് നടപടിയെന്ന് കേന്ദ്ര പേഴ്സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പുതിയ ഏക പെൻഷൻ അപേക്ഷാ ഫോമിന്റെ ഗസറ്റ് വിജ്ഞാപനവും മന്ത്രി പുറത്തിറക്കി:
ഇ-എച്ച്.ആർ.എം.എസിലെ വിരമിക്കുന്ന ഉദ്യോഗസ്ഥർ ഇ-എച്ച്.ആർ.എം.എസ് പോർട്ടലിലും മറ്റുള്ളവർ ഭവിഷ്യപോർട്ടലിലുമാണ് ഫോം 6-എ പൂരിപ്പിക്കേണ്ടത്. ആധാർ അടിസ്ഥാനത്തിലുള്ള ഒ.ടി.പി ഉപയോഗിച്ച് ഇ-സൈൻ വഴി ഫോം സമർപ്പിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പെൻഷൻ പോർട്ടലുകൾ ഭവിഷ്യ ഇന്റഗ്രേറ്റഡ് പെൻഷനേഴ്‌സ് പോർട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ ബാങ്കുകൾ വഴി ലഭിക്കുന്ന പ്രതിമാസ പെൻഷൻ സ്ലിപ്പ്, സ്റ്റാറ്റസ് ഓഫ് ലൈഫ് സർട്ടിഫിക്കറ്റ്, ഫോം 16 സമർപ്പണം, പെൻഷൻ കുടിശ്ശിക, സ്റ്റേറ്റ്മെന്റ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും.
2024 ഡിസംബറിലും ശേഷവും വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഫോം 6-എ പൂരിപ്പിക്കണം. പഴയ ഫോം 6, 8, 4, 3, എ, ഫോർമാറ്റ് 1, ഫോർമാറ്റ് 9, എഫ്.എം.എ, സീറോ ഓപ്‌ഷൻ ഫോം എന്നിവ ലയിപ്പിച്ചാണ് പുതിയ ഫോം തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |